വീട്ടുജോലി ഭാര്യയുടെ മാത്രം ചുമതലയല്ല; ഭർത്താവിനും ചെയ്യാം -ചരിത്രപരമായ വിധിയുമായി ബോംബെ ഹൈകോടതി
text_fieldsമുംബൈ: ആധുനിക സമൂഹത്തിലെ വീട്ടിലെ ജോലികൾ ഭാര്യയും ഭർത്താവും ഒരുമിച്ച് ചെയ്യണമെന്നും അത് ഭാര്യയുടെ മാത്രം ചുമതലയാണെന്ന് കരുതുന്നത് പിന്തിരിപ്പൻ മനോഭാവമാണെന്നും ബോംബെ ഹൈകോടതി. ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ലെന്ന് കാണിച്ച് 13 വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 35കാരൻ സമർപ്പിച്ച വിവാഹമോചന ഹരജി തള്ളിക്കൊണ്ടായിരുന്നു ബോംബെ ഹൈകോടതിയുടെ ജസ്റ്റിസുമാരായ നിതിൻ സാംബ്രെ, ശർമിള ദേശ്മുഖ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. 2010 ൽ വിവാഹിതരായ ഉദ്യോഗസ്ഥ ദമ്പതികൾ 10 വർഷമായി അകന്നുജീവിക്കുകയാണ്.
ഭാര്യ വീട്ടുജോലി ചെയ്യാത്തതിനാൽ തനിക്കു ഭക്ഷണം കഴിക്കാതെ ഓഫിസിൽ പോകേണ്ടിവരുന്നുവെന്നായിരുന്നു ഹരജിക്കാരന്റെ വാദം. വിവാഹ മോചന ഹരജി തള്ളിക്കൊണ്ടുള്ള 2018ലെ കുടുംബകോടതി വിധിക്കെതിരെയാണ് യുവാവ് ബോംബെ ഹൈകോടതിയിൽ ഹരജി നൽകിയത്.
ഓഫിസിൽ നിന്ന് വന്നാലും വീട്ടിലെ ജോലികൾ മുഴുവൻ ചെയ്തു തീർക്കാൻ നിർബന്ധിതയായിരുന്നുവെന്നും ഭാര്യ അവകാശപ്പെട്ടിരുന്നു. നിരവധി തവണ ഭർത്താവ് ശാരീരികമായി മർദിച്ചതായും അവർ പറഞ്ഞു. ഭാര്യയും ഭർത്താവും ജോലിക്കാരായ ഒരു കുടുംബത്തിൽ, ഭാര്യ തന്നെ വീട്ടുജോലികളെല്ലാം ചെയ്യണമെന്നത് പിന്തിരിപ്പൻ ചിന്താഗതിയാണെന്നും കോടതി വിലയിരുത്തി.
സ്വന്തം അമ്മയുമായി ഫോണിൽ സംസാരിക്കാനാണ് ഭാര്യ കൂടുതൽ സമയം ചെലവഴിക്കുന്നതെന്നും ആരോപിച്ചിരുന്നു. എന്നാൽ, വിവാഹശേഷം സ്ത്രീകൾ മാതാപിതാക്കളുമായുള്ള ബന്ധം വിഛേദിക്കുമെന്നു കരുതാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.