'ഞങ്ങളുടെ കുടുംബം വീണ്ടും ഒന്നിച്ചു'; ഷിൻഡെ സഖ്യത്തെ കുറിച്ച് ഫഡ്‌നാവിസ്
text_fieldsമുംബൈ: ശിവസേനയുടെ വിമത എം.എൽ.എമാരുടെ കൂടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചതിന് ശേഷം തങ്ങളുടെ കുടുംബം വീണ്ടും ഒന്നിച്ചെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. ഇടക്ക് ഞങ്ങൾക്ക് പിരിയേണ്ടി വന്നെങ്കിലും ഞങ്ങളുടെ കുടുംബം വീണ്ടും ഒന്നിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുംബൈയിൽ നടന്ന യോഗത്തിൽ ഷിൻഡെ പക്ഷത്തുള്ള എം.എൽ.എമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബി.ജെ.പിയോടൊപ്പം വന്ന നിങ്ങളാണ് യഥാർഥ ശിവസേനക്കാർ. നിങ്ങളാണ് ബാലാസാഹെബിന്റെ പ്രത്യയശാസ്ത്രത്തെ ശരിയായ അർഥത്തിലേക്ക് കൊണ്ടു വന്നിരിക്കുന്നത്'- ഫഡ്‌നാവിസ് പറഞ്ഞു. മഹാരാഷ്ട്രയുടെ പഴയ പ്രതാപം തിരികെ കൊണ്ടുവരാൻ ഇനിമുതൽ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലാസാഹെബിന്റെ സ്വപ്നം നിറവേറ്റിയെന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഏക്നാഥ് ഷിൻഡെ യോഗത്തിൽ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി കാര്യങ്ങൾ കൊണ്ട് ശിവസേനയുടെ പ്രതിച്ഛായ തകർന്നിരിക്കുകയാണ്. ദാവൂദ് ഇബ്രാഹീമുമായി ബന്ധമുള്ള മന്ത്രിമാരെ സംരക്ഷിക്കുന്നതുൾപ്പടെ സർക്കാരിനകത്തെ മറ്റ് അപമാനകരമായ കാര്യങ്ങൾ ശിവസേനക്കാർ അസ്വസ്ഥരായിരുന്നു. അത് ഒരുപാട് വേദനിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ സേന നേതൃത്വത്തോട് സാഹചര്യം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അവർ മനസ്സിലാക്കിയില്ലെന്ന് ഷിൻഡെ കുറ്റപ്പെടുത്തി. വോട്ടർമാരോട് നീതി പുലർത്താൻ സാധിക്കുന്നില്ലെങ്കിൽ പിന്നെന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോൾ ഫഡ്‌നാവിസ് നമുക്കൊപ്പമുണ്ട്. അദ്ദേഹത്തിന് മികച്ച അനുഭവം ഉണ്ടെന്നും ഷിൻഡെ പറഞ്ഞു. മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് വിട്ട് നൽകിയ ബി.ജെ.പിയോട് ഷിൻഡെ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.