കർഷക സമരം: മരിച്ചവർക്ക് നീതി വേണമെന്ന് കേന്ദ്രത്തോട് കർഷക നേതാക്കൾ
text_fieldsകർഷക സംഘടനകളും കേന്ദ്ര സർക്കാറും തമ്മിലുള്ള ആറാംവട്ട ചർച്ച പുരോഗമിക്കുന്നു. പ്രക്ഷോഭത്തിനിടെ മരിച്ചവർക്ക് നീതി വേണമെന്ന് ചർച്ചക്കിടെ കർഷക നേതാക്കൾ സർക്കാറിനോട് ആവശ്യപ്പെട്ടു. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ മരണമടഞ്ഞവർക്ക് നീതി ലഭിക്കണമെന്നാണ് കർഷക യൂനിയൻ നേതാക്കൾ ബുധനാഴ്ച കേന്ദ്രവുമായി നടത്തിയ യോഗത്തിൽ ആവശ്യപ്പെട്ടത്. കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് ചർച്ച പുരോഗമിക്കുന്നത്. ബുധനാഴ്ചത്തെ ചർച്ച നിർണായകമാകുമെന്ന് യോഗത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി സോം പ്രകാശ് പറഞ്ഞിരുന്നു. ചർച്ചയിൽ എന്തെങ്കിലും പരിഹാരം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ പഞ്ചാബ് യൂനിറ്റ് ജോയിന്‍റ് സെക്രട്ടറി സുഖ്‌വീന്ദർ സിംഗ് സാബ്രയും പറഞ്ഞു. കർഷകരും കേന്ദ്രവും തമ്മിലുള്ള കഴിഞ്ഞ അഞ്ച് ഘട്ട ചർച്ചകളും പ്രശ്നം പരിഹരിക്കാൻ പര്യാപ്തമായിരുന്നില്ല.
പതിനായിരക്കണക്കിന് കർഷകരാണ് രാജ്യ തലസ്ഥാനത്ത് നിലവിൽ തമ്പടിച്ചിരിക്കുന്നത്. പുതിയ നിയമങ്ങൾ നിയന്ത്രിത വിപണികളെ തകർക്കുമെന്നും വൻകിട കോർപ്പറേറ്റുകൾക്ക് തങ്ങളെ ഇരയാക്കിക്കൊണ്ട് ഉപജീവനമാർഗത്തെ ബാധിക്കുമെന്നും പ്രതിഷേധക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.