'കാർഷിക നിയമങ്ങൾ വിശുദ്ധ വചനങ്ങളൊന്നുമല്ല, തിരുത്താതിരിക്കാൻ'
text_fieldsകാർഷിക നിയമങ്ങൾ തിരുത്തില്ലെന്ന് വാശിപിടിക്കാൻ അത് വിശുദ്ധ വചനങ്ങളൊന്നുമല്ലെന്ന് നാഷനൽ കോൺഫറൻസ് എം.പി ഫാറൂഖ് അബ്ദുല്ല. പ്രക്ഷോഭം നടത്തുന്ന കർഷകരുമായി സംഭാഷണം നടത്തി പരിഹാരവുമായി മുന്നോട്ട് വരാനും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍റെ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കർഷകരുടെ വിഷയത്തിൽ ഇതാണ് എനിക്ക് പറയാനുള്ളത്. കർഷക നിയമം വിശുദ്ധവചനങ്ങളൊന്നുമല്ല. അതിനാൽ മാറ്റം വരുത്താനാകില്ലെന്ന് വാശിപിടിക്കേണ്ട കാര്യവുമില്ല. കർഷകർ നിയമം ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ അവരോട് സംസാരിക്കുക. അഭിമാന വിഷയമാക്കി വാശിപിടിക്കാതിരിക്കുക. ഇത് നമ്മുടെ രാഷ്ട്രമാണ്. നമ്മൾ ഈ രാജ്യത്തിേന്റതാണ്. ഈ രാജ്യത്തി എല്ലാവരെയും നമ്മുക്ക് ബഹുമാനിക്കാം'-അബ്ദുല്ല പറഞ്ഞു. അടിയന്തിരമായി വേണ്ടത് പരിഹാരമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമൻ ലോകമെമ്പാടും ഉള്ളവരുടേതാണെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു'.
'രാമൻ നമ്മുക്കെല്ലാവർക്കും അവകാശപ്പെട്ടതാണ്. മുസ്‌ലിംകൾ ഖുറാനെപറ്റി പറയുന്നതും ഇതാണ്. അത് എല്ലാവർക്കും ഉള്ളതാണ്'. ജവഹർലാൽ നെഹ്‌റുവിനെപ്പോലുള്ള രാഷ്ട്രീയ ദർശകരുടെ നിലപാടിനെ എൻഡിഎ എംപിമാർ ചോദ്യം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജവഹർലാൽ നെഹ്‌റു, സർദാർ പട്ടേൽ, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മറ്റ് നേതാക്കൾ എന്നിവരുടെ നേരെ വിരൽ ചൂണ്ടുന്നത് കാണുമ്പോൾ തനിക്ക് വല്ലാത്ത വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഇത് ഇന്ത്യൻ പാരമ്പര്യമല്ല. മരിച്ചു പോയവരെ ബഹുമാനിക്കുകയാണ് വേണ്ടത്' -അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിനെതിരെ വാക്സിൻ വികസിപ്പിച്ചതിന് ഇന്ത്യൻ ശാസ്ത്രജ്ഞരെയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയും അഭിനന്ദിച്ച അദ്ദേഹം ഇപ്പോൾ വളരെ കുറച്ചുപേർക്ക് മാത്രമേ വാക്സിനേഷൻ നൽകിയിട്ടുള്ളൂവെന്നും കൂടുതൽ ആളുകൾക്ക് ലഭിക്കാൻ ശ്രമിക്കേണ്ടതുണ്ടെന്നും പറഞ്ഞു. ജമ്മു കശ്മീരിലെ ടൂറിസം വ്യവസായത്തെ വൈറസ് മോശമായി ബാധിച്ചിട്ടുണ്ടെന്നും കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങളുടെ ദാരിദ്ര്യം വിശദീകരിക്കാൻ തനിക്ക് വാക്കുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.