നിയമങ്ങൾ പിൻവലിച്ചത് സങ്കടകരം; കർഷകരെ ബോധവത്കരിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ഉമാ ഭാരതി
text_fieldsഭോപാൽ: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിൽ ബി.ജെ.പി പ്രവർത്തകരെ കുറ്റപ്പെടുത്തി മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഉമാ ഭാരതി. കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങളെക്കുറിച്ച് കർഷകരെ ബോധവത്കരിക്കുന്നതിൽ ബി.ജെ.പി പ്രവർത്തകർ പരാജയപ്പെട്ടതാണ് നിയമങ്ങൾ റദ്ദാക്കാൻ കാരണമെന്നായിരുന്നു പ്രതികരണം.
'നവംബർ 19ലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നെ നിശബ്ദയാക്കി, അതിനാലാണ് കഴിഞ്ഞ മൂന്ന് ദിവസമായി അഭിപ്രായം പറയാതിരുന്നത്' -മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
'മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന പ്രഖ്യാപനത്തിൽ എന്നെേപ്പാലുള്ളവർ വേദനിക്കുന്നു. നിയമങ്ങളുടെ പ്രധാന്യത്തെക്കുറിച്ച് കർഷകരെ ബോധവത്കരിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടെങ്കിൽ, അത് ബി.ജെ.പി പ്രവർത്തകരുടെ ബലഹീനതയാണ്. എന്തുകൊണ്ടാണ് ഞങ്ങൾ (ബി.ജെ.പി പ്രവർത്തകർ) ഈ നിയമങ്ങെളക്കുറിച്ച് കർഷകരെ ബോധവാൻമാരാക്കുന്നതിൽ പരാജയപ്പെട്ടത്?' -ഭാരതി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നെ വേദനിപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ തെറ്റായ പ്രചാരണങ്ങളെ നേരിടുന്നതിലും പ്രതിരോധിക്കുന്നതിലും ഞങ്ങൾ (ബി.ജെ.പി അണികൾ) പരാജയപ്പെട്ടുവെന്ന് തോന്നി -ഉമഭാരതി കൂട്ടിച്ചേർത്തു. മോദിയുടെ നേതൃത്വത്തെ ഭാരതി പ്രശംസിക്കുകയും ചെയ്തു.
അതേസമയം ഉമാ ഭാരതിയുടെ ട്വീറ്റ് ബി.ജെ.പിയുടെ യഥാർഥ അവസ്ഥ തുറന്നുകാട്ടുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മൂന്ന് കാർഷിക നിയമങ്ങളെക്കുറിച്ച് കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ ബി.ജെ.പി പ്രവർത്തകർ പരാജയപ്പെട്ടെന്ന് സമ്മതിച്ചു. ഇനി കർഷകർ ബി.ജെ.പിയെയും അതിന്‍റെ പ്രവർത്തകരെയും ഉചിതമായ പാഠം പഠിപ്പിക്കും മുൻ മന്ത്രിയും മധ്യപ്രദേശ് കോൺഗ്രസ് എം.എൽ.എയുമായ പി.സി. ശർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.