നിയമങ്ങൾ പിൻവലിച്ചേ പറ്റൂ, കേന്ദ്ര വാഗ്ദാനം കർഷകർ തള്ളി
text_fieldsന്യൂഡൽഹി: കർഷകസമരം നിർത്തിവെക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച പുതിയ വാഗ്ദാനം സംയുക്ത സമരസമിതി തള്ളി. വിവാദ നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നരവർഷത്തേക്ക് നിർത്തിവെക്കുകയല്ല വേണ്ടതെന്നും പൂർണമായി പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. മിനിമം താങ്ങുവിലക്ക് നിയമസംരക്ഷണം നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും സമരസമിതി ആവർത്തിച്ച് ഓർമിപ്പിച്ചു. യോഗതീരുമാനം ഇന്ന് വിജ്ഞാൻ ഭവനിൽ നടത്തുന്ന 11ാം വട്ട ചർച്ചയിൽ യൂനിയൻ നേതാക്കൾ അറിയിക്കും.
വിവാദനിയമം നടപ്പാക്കുന്നത് ഒന്നരവർഷം നിർത്തിവെക്കാമെന്നും അതിനുള്ളിൽ സർക്കാർ സമിതിയുണ്ടാക്കി അന്തിമ തീരുമാനമെടുക്കാമെന്നുമായിരുന്നു കേന്ദ്ര വാഗ്ദാനം.
വ്യാഴാഴ്ച രാവിലെ 11 മണിക്ക് സിംഘു അതിർത്തിയിൽ യോഗം ചേർന്നെങ്കിലും രാത്രിയാണ് സംയുക്ത സമരസമിതി വാർത്താകുറിപ്പിറക്കിയത്. കർഷകസമരത്തിൽ ഇതിനകം രക്തസാക്ഷികളായ 143 കർഷകർക്ക് ആദരാഞജലികൾ അർപ്പിച്ചാണ് യോഗം തുടങ്ങിയത്. സമരം ജനകീയ പ്രസ്ഥാനമായി വളർന്നുകഴിഞ്ഞുവെന്ന് സമിതി വിലയിരുത്തി.
കേരളത്തിലും കർണാടകയിലും ട്രാക്ടർ മാർച്ചുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഛത്തിസ്ഗഢിൽ 23ന് രാജ്ഭവനിലേക്ക് മാർച്ച് നടക്കും. കൊൽക്കത്തയിൽ 20 മുതൽ 22 വരെ കർഷക റാലിയാണ്. മസ്ദൂർ കിസാൻ ശക്തി സംഘടൻ രാജസ്ഥാനിൽനിന്ന് ഷാജഹാൻപുർ അതിർത്തിയിലെത്തിയിരിക്കുന്നു.
ബിലാസ്പൂരിലും റാംപൂരിലും ഡൽഹിയിലേക്ക് ട്രാക്ടറുകൾ പുറപ്പെടാനൊരുങ്ങി. ഒഡിഷയിൽനിന്ന് പുറപ്പെട്ടവരെ ഉത്തർപ്രദേശ് പൊലീസ് തടഞ്ഞിരിക്കുകയാണ്.
റിപ്പബ്ലിക് ദിന പരേഡ് കടന്നുപോകുന്ന രാജ്പഥ് മുതൽ ചെങ്കോട്ട വരെയുള്ള പാതകളൊഴിവാക്കിയാണ് അതിനെ ഒട്ടും ബാധിക്കാത്ത തരത്തിൽ കർഷകർ ഡൽഹിക്ക് ചുറ്റിലുമുള്ള ഔട്ടർ റിങ്റോഡ് കർഷകർ ട്രാക്ടർ പരേഡിനായി തെരഞ്ഞെടുത്തത്. കർഷകർ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിക്കുള്ളിൽതന്നെ പ്രവേശിക്കരുതെന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പരേഡ് തടയാൻ സർക്കാർ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്താൻ തീരുമാനിച്ച ട്രാക്ടർ പരേഡ് ഡൽഹി ഔട്ടർ റിങ്റോഡിലും അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരേഡിന് അനുമതി നിഷേധിച്ചത്. ഡൽഹി പൊലീസ് ജോയൻറ് കമീഷണർ എസ്.എസ്. യാദവ് നേരിട്ട് സിംഘു അതിർത്തിയിലെത്തിയാണ് കിസാൻ പരേഡ് അനുവദിക്കില്ലെന്ന വിവരം കർഷക നേതാക്കളെ അറിയിച്ചത്.
എന്നാൽ, ഔട്ടർ റിങ്റോഡിൽതന്നെ പരേഡ് നടത്തുമെന്ന് കർഷക യൂനിയൻ നേതാക്കൾ പ്രഖ്യാപിച്ചു. ഡൽഹിക്ക് പുറെത്ത കുണ്ഡ്ലി -മനേസർ -പൽവൽ എക്സ്പ്രസ് വേയിൽ പരേഡ് നടത്തിയാൽ മതിയെന്നാണ് കേന്ദ്ര സർക്കാർ പൊലീസ് മുഖേന അറിയിച്ചത്. നിർദേശം പക്ഷേ, കർഷകർ തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.