'നിങ്ങളാണ് എല്ലാറ്റിനും കാരണം' -മോദിക്കെതിരെ ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് കർഷകൻ കുളത്തിൽ ചാടി മരിച്ചു
text_fieldsമുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് പൂനെയിൽ കർഷകന്‍റെ ആത്മഹത്യ. ജുന്നാർ താലൂക്കിലെ 45കാരനായ ദശരത് ലക്ഷ്മൺ കേദാരിയാണ് മരിച്ചത്. ഞായറാഴ്ച ആത്മഹത്യകുറിപ്പ് എഴുതി വെച്ച ശേഷം കേദാരി കുളത്തിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് ആത്മഹത്യ കുറിപ്പ് ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ നിഷ്ക്രിയത്വം കാരണമാണ് താൻ ആത്മഹത്യ ചെയ്യാൻ നിർബന്ധനായതെന്നും വിളകളുടെ വില കർഷകർക്ക് നൽകണമെന്നും അത് തങ്ങളുടെ അവകാശമാണെന്നും കോദോരി പറഞ്ഞു. വിളകൾക്ക് മിനിമം താങ്ങുവില ലഭിക്കാത്തതിനെ കുറിച്ചും ബാങ്ക് ഏജന്റുമാരിൽ നിന്നുള്ള പീഡനത്തെ കുറിച്ചും കത്തിൽ ആരോപിച്ചതായി പൊലീസ് അറിയിച്ചു.
മഹാരാഷ്ട്ര സർക്കാരും കേന്ദ്രവും കർഷകരുടെ ദുരിതം അവഗണിച്ചു. കോവിഡ് വ്യാപനവും മഴയും കർഷകരെ നഷ്ടത്തിലാക്കി. കർഷക വിഷയത്തിൽ പ്രധാനമന്ത്രി ഒരു നിലപാടും എടുത്തിട്ടില്ലെന്നും വിളകൾക്ക് മിനിമം താങ്ങുവില നൽകാൻ സർക്കാർ തയാറാകണന്നും കോദാരി കത്തിൽ അഭ്യർഥിച്ചു.
"ഞങ്ങൾക്ക് പണമില്ല. പണമിടപാടുകാർ കാത്തിരിക്കാൻ തയാറാകുന്നുമില്ല. ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?. വിളകൾ ചന്തയിലേക്ക് എത്തിക്കാൻ പോലും സാധിക്കുന്നില്ല. മോദി സർ, നിങ്ങൾ നിങ്ങളെ പറ്റി മാത്രമാണ് ചിന്തിക്കുന്നത്. നിങ്ങൾക്ക് കാർഷികമേഖലയെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ കർഷകർ പിന്നെന്താണ് ചെയ്യേണ്ടത്. ലോൺ ഏജന്‍റുമാർ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. നീതിക്ക് വേണ്ടി ആരുടെ മുന്നിലേക്കാണ് പോകേണ്ടത്"- കോദാരി പറഞ്ഞു. കോദാരിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി പൂനെ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.