ഡൽഹിയിലെ സമരകേന്ദ്രത്തിൽ ഒരു കർഷകൻ കൂടി മരിച്ചു
text_fieldsന്യൂഡൽഹി: ഡൽഹി-ഹരിയാന അതിർത്തിയിലെ ടിക്രിയിൽ സമരകേന്ദ്രത്തിൽ ഒരു കർഷകന് കൂടി ദാരുണാന്ത്യം. പഞ്ചാബിലെ ബത്തിൻഡയിൽ നിന്നുള്ള കർഷകനാണ് മരിച്ചത്. അതിശൈത്യമാണ് മരണകാരണം. ഇതോടെ കർഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട് മരിച്ച കർഷകരുടെ എണ്ണം 28 ആയി.
മൂന്ന് കുട്ടികളുടെ പിതാവ് കൂടിയായ കർഷകനാണ് മരിച്ചത്. 10, 12, 14 വയസ്സുള്ള കുട്ടികളാണ് ഇദ്ദേഹത്തിനുള്ളത്.
കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഖ് പുരോഹിതൻ ആത്മഹത്യ ചെയ്തിരുന്നു. ഹരിയാനയിലെ കർണാൽ ജില്ലയിലെ സിംഗ്ര ഗ്രാമവാസിയായ ബാബ റാം സിങ് (65) ആണ് സ്വയം വെടിവെച്ച് ജീവനൊടുക്കിയത്. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് വീണ്ടും മരണം.
കാർഷിക നിയമങ്ങൾക്കെതിരെ തുടരുന്ന സമരം 22ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിയമങ്ങൾ പിൻവലിക്കാതെ പിൻമാറില്ലെന്നാണ് കർഷകരുടെ നിലപാട്. എന്നാൽ, നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേദഗതിയാകാമെന്നുമാണ് കേന്ദ്ര സർക്കാർ നിലപാട്. ഏതാനും ആഴ്ചകളായി കനത്ത തണുപ്പാണ് ഡൽഹിയിലും ഉത്തരേന്ത്യയിലാകെയും അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.