ഒന്നര ലക്ഷത്തിന്‍റെ വൈദ്യുത ബിൽ, യു.പിയിൽ കർഷകൻ തൂങ്ങിമരിച്ചു; ഉദ്യോഗസ്ഥർ മർദിച്ചതായും പരാതി
text_fieldsഒന്നര ലക്ഷത്തിന്‍റെ വൈദ്യുത ബിൽ ലഭിച്ചതിന് പിന്നാലെ യു.പിയിൽ കർഷകൻ തൂങ്ങിമരിച്ചു. ശനിയാഴ്ച അലിഗർ, തഹ്‌സിലിലെ സുനൈറ ഗ്രാമത്തിലാണ് 50 കാരനായ രാംജിലാൽ ആത്മഹത്യ ചെയ്തത്. വീട്ടിലെത്തിയ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ അന്യായമായി ഇദ്ദേഹത്തെ മർദിച്ചതായും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ കർഷകന്‍റെ മൃതദേഹം പ്രാദേശിക വൈദ്യുതി വകുപ്പ് ഓഫീസിന് മുന്നിൽവച്ച് പ്രതിഷേധിച്ചു.
രാംജിലാലിനെ മർദിച്ച എസ്‌ഡിഒ, ജൂനിയർ എഞ്ചിനീയർ എന്നിവർക്കെതിരെ കേസെടുക്കുന്നതുവരെ അന്ത്യകർമങ്ങൾ നടത്തില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. ഉദ്യോഗസ്ഥർ ബന്ധുക്കളുടെ മുന്നിൽവച്ച് അകാരണമായി കർഷകനെ മർദിക്കുകയായിരുന്നെന്ന് അയൽവാസികളും പറയുന്നു. തുടർന്ന് പൊലീസെത്തി പ്രതികൾെക്കതിരേ നടപടിയെടുക്കുമെന്ന് പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകി.
1,500 രൂപ ബില്ലിൽ 1,50,000 രൂപയാണെന്ന് തെറ്റായി കാണിച്ചതാണെന്ന് രാംജിലാലിന്‍റെ അനന്തരവൻ രാംചരനും മറ്റ് കുടുംബാംഗങ്ങളും ബാർല പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. കഴിഞ്ഞ കുറേ നാളുകളായി ബിൽ ശരിയാക്കാനായി രാംജി ലാൽ ശ്രമിക്കുന്നുണ്ടെങിലും നടപടി ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് എസ്.ഡി.എം പങ്കജ് കുമാർ ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.