വിളനാശം: കേന്ദ്രത്തിെൻറ കർഷക ഇൻഷുറൻസ് പദ്ധതിയിൽ തട്ടിപ്പ്
text_fieldsന്യൂഡൽഹി: വിളനാശത്തിനായുള്ള കേന്ദ്ര സർക്കാറിെൻറ കർഷക ഇൻഷുറൻസ് പദ്ധതിയായ പ്രധാൻമന്ത്രി ഫസൽ ഭീമ യോജന (പി.എം.എഫ്.ബി.വൈ) പ്രകാരം കർഷകർക്ക് ലഭിക്കേണ്ട നഷ്ടപരിഹാര തുകയിൽ വെട്ടിപ്പ്.
നഷ്ടപരിഹാരത്തിനായി ഖാരീഫ് സീസണിൽ ഇൻഷുറൻസ് കമ്പനികളുടെ മുന്നിൽ എത്തിയ 4270.55 കോടി രൂപക്കു വേണ്ടിയുള്ള അപേക്ഷകളിൽ വിതരണംചെയ്തത് വെറും 714.14 കോടി രൂപയുടെത് മാത്രമാണ്. അതായത്, വെറും 3.31 ശതമാനം. രാജ്യസഭയിൽ ഏപ്രിൽ ഏഴിന് ഉന്നയിച്ച ചോദ്യത്തിന് കൃഷിമന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
കർഷകരിൽനിന്ന് നിർബന്ധമായും പിരിച്ചെടുക്കുകയും അതത് സംസ്ഥാന സർക്കാറുകളിൽനിന്നും കേന്ദ്ര സർക്കാറിൽനിന്നും ഇൻഷുറൻസ് പ്രീമിയമായി ലഭിച്ചതുമായ 21,500 കോടി രൂപ ഇൻഷുറൻസ് കമ്പനികളുടെ പക്കലുള്ളപ്പോഴാണ് വെറും മൂന്നു ശതമാനത്തോളം തുക മാത്രം നഷ്ടപരിഹാരം നൽകിയത്.
കർഷകർക്ക് 4270.55 കോടി രൂപ നൽകിയാൽ പോലും പ്രീമിയത്തിെൻറ 80 ശതമാനവും കോർപറേറ്റ് കമ്പനികളുടെ കൈകളിലായിരിക്കും. എട്ട് വൻകിട സ്വകാര്യ ഇൻഷുറൻസ് കമ്പനികളും രണ്ടു പൊതുമേഖല കമ്പനികളും വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. െഎ.സി.െഎ.സി.െഎ - ലംബാർഡ്, എച്ച്.ഡി.എഫ്.സി - എർഗോ, ഇഫ്കോ -ടോക്യോ, ചോളമണ്ഡലം എം.എസ്, ബജാജ് അലയൻസ്, റിലയൻസ് ജനറൽ ഇൻഷുറൻസ്, ഫ്യൂച്ചർ ജനറാലി ഇന്ത്യ, ടാറ്റ - എ.െഎ.ജി, എസ്.ബി.െഎ ജനറൽ ഇൻഷുറൻസ്, യൂനിവേഴ്സൽ സോംപോ എന്നിവയാണ് ഇൻഷുറൻസ് കമ്പനികൾ.
ഖാരീഫ്, റാബി സീസണുകളിലാണ് ഇൻഷുറൻസ് പ്രീമിയം തുക പിരിക്കുന്നത്. കൃഷി, കർഷകക്ഷേമ മന്ത്രാലയത്തിനാണ് പദ്ധതിയുടെ നടപ്പാക്കൽ ചുമതല. ഇൻഷുറൻസ് കമ്പനികളുടെ പ്രീമിയം തുകയിൽ 2015--16 വർഷത്തെ അപേക്ഷിച്ച് ഇൗ വർഷം 400 ശതമാനം വർധനവാണ് വരുത്തിയത്.
വിളനാശം സംഭവിച്ച കർഷകർക്ക് ധനസഹായം നൽകാനായി നേരത്തേ നിലനിന്ന പദ്ധതികൾ നിർത്തലാക്കി 2016 ജനുവരി 13ന് എൻ.ഡി.എ സർക്കാർ ആരംഭിച്ച പദ്ധതി ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു.
ഫസൽ ഭീമ യോജന പ്രകാരം കർഷകർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാത്ത ഇൻഷുറൻസ് കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നാൻ മൊല്ല വാർത്തസമ്മേളനത്തിൽ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
വിള ഇൻഷുറൻസ് മേഖല സ്വകാര്യവത്കരിക്കാനുള്ള തീരുമാനം തിരുത്തണം. കർഷകർ ആവശ്യപ്പെട്ട മുഴുവൻ നഷ്ടപരിഹാര തുകയും നൽകാൻ ഉടൻ നടപടി സ്വീകരിക്കണം.
പ്രീമിയം തുകയുടെ ഏഴു ശതമാനം മാത്രം ഇൻഷുറൻസ് കമ്പനികൾക്ക് സർവിസ് ചാർജായി നൽകി ബാക്കി തുക കേന്ദ്ര സർക്കാറും അതത് സംസ്ഥാന സർക്കാറുകളും തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.കെ.എസ് ജോയൻറ് സെക്രട്ടറി എൻ.കെ. ശുക്ല, ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.