കർണാടകയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു
text_fieldsബംഗളൂരു: രാമനഗര കനകപുരയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകനായ തിമ്മപ്പ (60) കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം പുലർച്ചെയാണ് സംഭവം. ബന്നാർഘട്ട നാഷനൽ പാർക്കിലെ വനമേഖലയിൽനിന്ന് അല്ലിക്കരെദൊഡ്ഡി ഗ്രാമത്തിലേക്കിറങ്ങിയ പത്തോളം കാട്ടാനകൾ കൃഷിയിടങ്ങളിൽ നാശനഷ്ടം വരുത്തിയിരുന്നു.
തിമ്മപ്പയുടെ വാഴത്തോട്ടത്തിൽ ഒരു കാട്ടാന നിലയുറപ്പിച്ചിരുന്നു. ഇതറിയാതെ പുലർച്ച മൂന്നോടെ ഇയാൾ കൃഷിയിടത്തിലേക്ക് പോയപ്പോഴാണ് ആക്രമണം. പിന്നീട് തിമ്മപ്പയുടെ കുടുംബാംഗങ്ങൾ കൃഷിയിടത്തിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. കർഷകന്റെ തലക്കും നെഞ്ചിനും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. കാട്ടാനശല്യത്തിന് അറുതിവരുത്തണമെന്നാവശ്യപ്പെട്ട് ഗ്രാമീണർ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.
ഡി.സി.എഫ് പ്രഭാകർ പ്രിയദർശിയും സി.സി.എഫ് ലിംഗരാജുവും സംഭവസ്ഥലം സന്ദർശിച്ചു. കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു. വനാതിർത്തിയിൽ ഇരുമ്പുവേലി നിർമിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതോടെയാണ് ഗ്രാമവാസികൾ പ്രതിഷേധം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.