'കേന്ദ്രസർക്കാറിന് നവം. 26വരെ സമയമുണ്ട്. ശേഷം...'; മുന്നറിയിപ്പുമായി കർഷക നേതാവ് രാകേഷ് ടികായത്
text_fieldsന്യൂഡൽഹി: നവംബർ 26നുള്ളിൽ വിവാദമായ കർഷക നിയമങ്ങൾ പിൻവലിച്ചിലെങ്കിൽ ഡൽഹി അതിർത്തികളിൽ വൻ പ്രക്ഷോഭം ഉയരുമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്. കർഷക സമരം ആരംഭിച്ച് ഒരു വർഷം തികയുന്നതിന്‍റെ ഭാഗമായാണ് ടികായത്തിന്‍റെ താക്കീത്.
'നവംബർ 26 വരെ കേന്ദ്രസർക്കാറിന് സമയമുണ്ട്. നവംബർ 27 മുതൽ പ്രക്ഷോഭം തുടരുന്ന ഡൽഹി അതിർത്തികളിൽ ഗ്രാമങ്ങളിൽ നിന്നും കർഷകർ അവരുടെ ടാക്ടറുകളിൽ എത്തിച്ചേരും. സമരം ശക്തിപ്പെടുത്തുകയും ഉറച്ച കോട്ട നിർമിക്കുകയും ചെയ്യും' -രാകേഷ് ടികായത് ട്വിറ്ററിൽ കുറിച്ചു.
രണ്ടുദിവസത്തിനിടെ ടികായത് കേന്ദ്രത്തിന് നൽകുന്ന രണ്ടാം താക്കീതാണ് ഇത്. ഡൽഹി അതിർത്തികളിൽ നടക്കുന്ന പ്രക്ഷോഭ പരിപാടികളെ ബലം പ്രയോഗിച്ച് നീക്കിയാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ടികായത് അറിയിച്ചിരുന്നു. ബലം പ്രയോഗിച്ച് കർഷക സമരങ്ങളെ ഇല്ലാതാക്കാൻ നോക്കിയാൽ രാജ്യത്തെ സർക്കാർ ഓഫിസുകളെല്ലാം ധാന്യച്ചന്തകളാക്കുമെന്നും, ടെൻറുകൾ പെളിച്ചു നീക്കിയാൽ പൊലീസ് സ്റ്റേഷനുകളും ജില്ലാ മജിസ്ട്രേറ്റ് ഓഫിസുകളും സമര കേന്ദ്രങ്ങൾ ആക്കുമെന്നുമായിരുന്നു ടികായത്തിൻറെ താക്കീത്.
ഡൽഹി അതിർത്തികളായ ടിക്രി, സിംഘു, ഗാസിപുർ അതിർത്തികളിൽ ഒരു വർഷത്തോളമായി കർഷകരുടെ നേതൃത്വത്തിൽ പ്രക്ഷോഭം തുടരുന്നുണ്ട്. കേന്ദ്രസർക്കാറിന്‍റെ വിവാദമായി മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. കൂടാതെ വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കണമെന്നും കർഷകർ പറയുന്നു. കർഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറും കർഷകരും തമ്മിൽ നിരവധി ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.