കുരുക്ഷേത്രയിൽ കർഷക മഹാപഞ്ചായത്ത്; കർഷകർ പ്രക്ഷോഭത്തിൽ
text_fieldsന്യൂഡൽഹി: സൂര്യകാന്തിക്ക് ചുരുങ്ങിയ താങ്ങുവില ആവശ്യപ്പെട്ട് ഹരിയാനയിൽ കർഷകർ പ്രക്ഷോഭത്തിനിറങ്ങി. കുരുക്ഷേത്രയിൽ മഹാപഞ്ചായത്ത് വിളിച്ചുചേർത്ത കർഷകർ ഡൽഹിയിലേക്കുള്ള ദേശീയപാത44 ഉപരോധിച്ചു. കർഷകപ്രക്ഷോഭത്തിന് പിന്തുണയുമായി ലൈംഗിക പീഡനത്തിനെതിരെ സമരം നയിക്കുന്ന ഗുസ്തിതാരം ബജ്റംഗ് പുനിയയുമെത്തി. സൂര്യകാന്തിക്ക് ചുരുങ്ങിയ താങ്ങുവിലക്കായി ഒരാഴ്ചക്കിടെ കർഷകർ ദേശീയപാത ഉപരോധിക്കുന്നത് ഇത് രണ്ടാംതവണയാണ്.
‘ചുരുങ്ങിയ താങ്ങുവില നടപ്പാക്കി കർഷകരെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി കുരുക്ഷേത്ര ജില്ലയിലെ പിപ്ലി വില്ലേജിൽ വിളിച്ചുചേർത്ത മഹാപഞ്ചായത്തിൽ ഹരിയാനക്കുപുറമെ, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്നുള്ള കർഷക നേതാക്കളും സംബന്ധിച്ചു. ഈ മഹാപഞ്ചായത്താണ് ദേശീയപാത ഉപരോധിക്കാൻ ആഹ്വാനംചെയ്തത്. ഇതേതുടർന്ന് ഡൽഹി-ചണ്ഡിഗഢ് റൂട്ടിൽ ഗതാഗതം വഴിതിരിച്ചുവിട്ടു. കേന്ദ്രസർക്കാറിന്റെ കർഷകവിരുദ്ധ നയങ്ങളെയും നേതാക്കൾക്കെതിരെയുള്ള പൊലീസ് നടപടിയെയും കുരുക്ഷേത്ര മഹാപഞ്ചായത്ത് രൂക്ഷമായി വിമർശിച്ചു.
ഗുസ്തിതാരം ബജ്റംഗ് പുനിയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാപഞ്ചായത്തിനെത്തി. ബ്രിജ് ഭൂഷണിനെതിരെ സമരത്തിനിറങ്ങിയ ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി കർഷകർ മഹാപഞ്ചായത്ത് വിളിക്കുകയും തെരുവിലിറങ്ങുകയും ചെയ്തിരുന്നു.
സൂര്യകാന്തി ക്വിന്റലിന് 6400 രൂപ ചുരുങ്ങിയ താങ്ങുവില കണക്കാക്കി സർക്കാർ സംഭരിക്കണമെന്നാവശ്യപ്പെട്ടാണ് കർഷകസമരം. എന്നാൽ, ക്വിന്റലിന് ആയിരം രൂപ എന്ന തോതിൽ ‘ഭവന്തർ ഭാർപെയ് യോജന’ക്ക് കീഴിൽ 8523 സൂര്യകാന്തി കർഷകർക്ക് ഇടക്കാലാശ്വാസം നൽകുകയാണ് ഹരിയാന സർക്കാർ ചെയ്തത്. ചുരുങ്ങിയ താങ്ങുവിലയിലും വിൽക്കേണ്ടി വന്നാലുണ്ടാകുന്ന നഷ്ടം കർഷകർക്ക് നികത്തുന്നതിനുള്ള പദ്ധതിയാണിത്. സൂര്യകാന്തി സർക്കാർ സംഭരിച്ചാൽ മറ്റു സംസ്ഥാനങ്ങളിലെ കർഷകരും അവ ഹരിയാനയിൽ കൊണ്ടുവന്ന് വിൽക്കാൻ സാധ്യതയുണ്ടെന്നും അതുകൊണ്ടാണ് ഇടക്കാലാശ്വാസം പ്രഖ്യാപിച്ചതെന്നുമാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറയുന്നത്. സർക്കാർ ചെറുധാന്യങ്ങൾ സംഭരിച്ചപ്പോൾ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകരും അവരുടെ വിളകൾ ഹരിയാനയിൽ കൊണ്ടുവിറ്റതായും ഖട്ടർ ആരോപിച്ചു. കർഷക യൂനിയനുകൾ രാഷ്ട്രീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ഖട്ടർ, തങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവരുടെ ഇരകളാകരുതെന്ന് കർഷകരോട് ആവശ്യപ്പെടുകയും ചെയ്തു.
ഭാരതീയ കിസാൻ യൂനിയൻ നേതാവ് ഗുർനാം സിങ് ചരൂണിയുടെ നേതൃത്വത്തിൽ കർഷകർ ഈ മാസം ആറിന് ശാഹ്ബാദിൽ ദേശീയപാത ഉപരോധിച്ചിരുന്നു. കർഷകരെ ജലപീരങ്കിയും ലാത്തിച്ചാർജുംകൊണ്ട് പൊലീസ് നേരിട്ടത് വലിയ പ്രതിഷേധത്തിനിടയാക്കി. കലാപശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ചരൂണിയെയും നിരവധി ബി.കെ.യു നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
14ന് ഹരിയാന ബന്ദ്
ന്യൂഡൽഹി: ദേശീയപാത ഉപരോധിച്ചതിന് അറസ്റ്റിലായ കർഷക നേതാക്കളുടെ മോചനവും ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി എം.പി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ അറസ്റ്റും ആവശ്യപ്പെട്ട് കർഷകർ 14ന് ഹരിയാന ബന്ദ് നടത്തും. ‘ഭൂമി ബചാവോ സംഘർഷ് സമിതി’ (ബി.ബി.എസ്.എസ്) ബഹദൂർഗഡിലെ മണ്ഡോതി ടോൾ പ്ലാസയിൽ ഞായറാഴ്ച സംഘടിപ്പിച്ച ‘ജനകീയ പാർലമെന്റ്’ ആണ് ഹരിയാന ബന്ദ് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.