കർഷകർക്ക് നേരെ വെള്ളം ചീറ്റുന്ന ജലപീരങ്കിയുടെ പമ്പ് ഓഫ് ചെയ്ത വിദ്യാർഥിക്കെതിരെ വധശ്രമത്തിന് കേസ്
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകർക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചുള്ള വെള്ളം ചീറ്റൽ ശ്രമം തടയാൻ ശ്രമിച്ച ബിരുദ വിദ്യാർഥിക്കെതിരെ വധശ്രമത്തിന് കേസ്. ഹരിയാനയിലെ അംബാലയിൽനിന്നുള്ള 26കാരനായ നവ്ദീപ് സിങ്ങിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
കർഷക സംഘടന നേതാവ് ജയ് സിങ്ങിെൻറ മകനാണ് നവ്ദീപ്. വ്യാഴാഴ്ച രാവിലെ കുരുക്ഷേത്രയിൽ പൊലീസ് ജലപീരങ്കി വാനിന് മുകളിൽ ഓടിക്കയറി വെള്ളം ചീറ്റുന്ന പമ്പ് ഓഫാക്കുന്നതിെൻറ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.
പമ്പ് ഓഫാക്കിയ ശേഷം പൊലീസിന് പിടിനൽകാതെ സമീപത്തെ വാഹനത്തിലേക്ക് ചാടി നവ്ദീപ് രക്ഷെപ്പട്ടിരുന്നു. നീലനിറത്തിലുള്ള ജാക്കറ്റ് ധരിച്ച് ജലപീരങ്കിക്ക് മുകളിൽ കയറി ടാപ്പ് ഓഫ് ചെയ്ത ശേഷം കർഷകരുടെ വാഹനത്തിലേക്ക് ചാടിയിറങ്ങിയ നവ്ദീപിനെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
കർഷകരായ പിതാവിനും സഹോദരനുമൊപ്പമാണ് നവ്ദീപ് പ്രക്ഷോഭത്തിെൻറ ഭാഗമായത്. അതിശൈത്യം വകവെക്കാതെ പ്രതിഷേധവുമായി നീങ്ങുന്ന കർഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസിെൻറ പ്രധാന ആയുധമാണ് ജലപീരങ്കി. കർഷക സമരത്തിന് നേരെ പൊലീസ് വ്യാപകമായി ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചിരുന്നു. പ്രായമായ കർഷകരിൽ പലർക്കും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.