പ്രതിഷേധ ചൂടറിഞ്ഞ് അംബാനി; പഞ്ചാബിൽ ജിയോ ടവറുകൾക്ക് വൈദ്യുതി തടഞ്ഞ് കർഷകർ
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം രാജ്യ തലസ്ഥാനത്ത് കൂടുതൽ കരുത്താർജ്ജിക്കുകയാണ്. ഇതോെടാപ്പം തന്നെ കോർപറേറ്റുകൾക്കെതിരായ നിലപാട് ശക്തമാക്കുകയാണ് കർഷകർ. ഇതിന്‍റെ ഭാഗമായി പഞ്ചാബിലെ കർഷകർ 1300ലധികം വരുന്ന ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുത്തി. പഞ്ചാബിൽ ജിയോക്ക് 9000 ടവറുകളാണുള്ളത്. ചില ടവറുകളിലെ ഫൈബറുകൾ മുറിച്ചു മാറ്റുകയും ചെയ്തിട്ടുണ്ട്.
24 മണിക്കൂറിനിടെ 176 സിഗ്നല്‍ ട്രാന്‍സ്മിറ്റിങ് സൈറ്റുകളാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഗ്രാമങ്ങളിലെ കർഷകർ വെള്ളിയാഴ്ച മുതലാണ് ജിയോക്കെതിരെ പ്രതിഷേധം ശക്തമാക്കിയത്. ടെലികോം കമ്പനികൾക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ആഹ്വാനം ചെയ്തെങ്കിലും ഫലമുണ്ടായിരുന്നില്ല.
വൈദ്യുതി വിച്ഛേദിച്ചതിനു പുറമെ ജിയോ നമ്പറുകൾ ഉപേക്ഷിക്കാനും പോർട്ട് ചെയ്യാനും കർഷകർ ആഹ്വാനം ചെയ്തിരിക്കുകയാണ്. കർഷകർക്കെതിരായ കരിനിയമങ്ങൾ പിൻവലിക്കുന്നത് വരെ ജിയോയും റിലയൻസും ബഹിഷ്കരിക്കുന്നത് തുടരുമെന്നും ബി.ജെ.പി സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടിയാണ് നിയമങ്ങൾ കൊണ്ടുവന്നതെന്നും പ്രതിഷേധക്കാരിൽ ഒരാളായ അവതാർ സിങ് പറഞ്ഞു.
ജിയോ സേവനങ്ങൾ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ ഗുരുദ്വാരകൾ കേന്ദ്രീകരിച്ചും പ്രചരണം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. തങ്ങളുടെ നമ്പർ നിലനിർത്തി മറ്റ് നെറ്റ്വർക്കുകളിലേക്ക് മാറാൻ ഗുരുദ്വാരകളിലെ പബ്ലിക് അഡ്രസ് സിസ്റ്റം ഉപയോഗിച്ച് അറിയിപ്പുകൾ നൽകുന്നതായാണ് വിവരം.
കേന്ദ്ര സർക്കാറും പ്രതിഷേധക്കാരും തമ്മിലുള്ള അടുത്ത ഘട്ട ചർച്ച നാളെ നടക്കാനിരിക്കുകയാണ്. അടുത്ത ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സമരം കടുപ്പിക്കുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. പ്രക്ഷോഭത്തിൽ പങ്കുചേരുന്നതിന് കൂടുതൽ കർഷകർ ഡൽഹി അതിർത്തികളിലെത്തും. ഭക്ഷ്യധാന്യങ്ങൾ ട്രക്കുകളിൽനിറച്ച് പഞ്ചാബിൽനിന്നും മറ്റും കൂടുതൽ കർഷകർ രാജ്യ തലസ്ഥാനത്തേക്ക് പുറപ്പെട്ടു. സാംഗ്രൂർ, അമൃത്സർ, തൺ തരൺ, ഗുരുദാസ്പുർ, ഭട്ടിൻഡ ജില്ലകളിൽ നിന്നുള്ളവരാണ് ശനിയാഴ്ച ട്രാക്ടറുകളിൽ ഡൽഹിയിലേക്ക് പുറപ്പെട്ടത്.
കേന്ദ്രവുമായി ചർച്ച പരാജയപ്പെട്ടാൽ 30ന് കുണ്ട്്ലി -മനേസർ -പൽവർ ദേശീയപാതയിൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. പുതുവർഷത്തിൽ കർഷകർക്കൊപ്പം ചേരാനും കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനും കർഷക നേതാക്കൾ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.