കർഷകരെ ചികിത്സിക്കുന്നത് പുണ്യം; തെരുവിൽ തനിച്ചാക്കില്ലെന്ന് ഡോക്ടർമാരും
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് സഹായവുമായി ഡോക്ടർമാരും. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കർഷകർക്ക് രാപ്പകൽ ഇല്ലാതെ ചികിത്സ സഹായവുമായി പ്രതിഷേധം ആരംഭിച്ചതുമുതൽ ഡോക്ടർമാർ സമരഭൂമിയിലുണ്ട്.
20 ദിവസമായി തുടരുന്ന സമരം കാർഷിക നിയമങ്ങൾ പിൻവലിക്കാതെ അവസാനിപ്പിക്കില്ലെന്നാണ് കർഷകരുടെ നിലപാട്. പ്രായമായവരാണ് കർഷകരിൽ ഏറെയും. 70ന് മുകളിൽ പ്രായമുള്ളവരും സമരരംഗത്ത് സജീവമായുണ്ട്. അതിനാൽ തന്നെ മിക്കവരും വാർധക്യ പ്രശ്നങ്ങൾ നേരിടുന്നവരും വിവിധ അസുഖങ്ങൾക്ക് നിരന്തരം മരുന്ന് കഴിക്കുന്നവരുമാണ്.
സൗജന്യഭക്ഷണം ലഭ്യമാക്കുന്ന സിക്കുകാരുടെ പൊതുവായ അടുക്കളയും ഗുരുദ്വാരകളും കർഷകർക്ക് പിന്തുണയുമായി സഹായങ്ങൾ നൽകി വരുന്നുണ്ട്. ഇതിനുപുറമെ ചികിത്സ ലഭ്യമാക്കുന്നതിനായാണ് ഡോക്ടർമാരുടെ സംഘം തമ്പടിച്ചിരിക്കുന്നത്. ദിനംപ്രതി ആയിരക്കണക്കിന് കർഷകർ ഡൽഹിയിൽ കർഷക സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്്. ഇതോടെ സഹായവുമായി എത്തുന്ന ഡോക്ടർമാരുടെ എണ്ണവും വർധിച്ചു.
സമരം ആരംഭിച്ചതിനുശേഷം നവംബർ 27 മുതൽഡോക്ടർമാർ കർഷകർക്ക് ചികിത്സ ഉറപ്പാക്കുന്നതിനായി എത്തിയിരുന്നു. പിന്നീട് കൂടുതൽ ഡോക്ടർമാർ കർഷകരെ സഹായിക്കാനായി രംഗത്തെത്തി. പഞ്ചാബിൽ നിന്നുള്ള ഡോക്ടർമാരാണ് ഇതിൽ അധികവും.
പ്രധാന പ്രതിഷേധ കേന്ദ്രങ്ങളായ സിംഘു, ടിക്രി അതിർത്തിൽ മൊബൈൽ ആംബുലൻസുകളുടെ സേവനം എപ്പോഴും ലഭ്യമാണ്. നിരന്തരം മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു. കൂടാതെ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് ശേഖരിച്ചതായും ഡോക്ടർമാർ പറയുന്നു. ആവശ്യങ്ങൾക്കായി ഏതെങ്കിലും ഡോക്ടർ പഞ്ചാബിലേക്ക് മടങ്ങിയാൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ മറ്റു ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും.
ഡിസംബർ 13ന് പഞ്ചാബിൽനിന്ന് ഒരു കൂട്ടം ഡോക്ടർമാർ കർഷകർക്ക് സഹായം ലഭ്യമാക്കുന്നതിനായി ഡൽഹി അതിർത്തിയിലെത്തിയിരുന്നു. 'ഞങ്ങളുടെ കർഷകരും ഞങ്ങളുടെ ദാതാക്കളും മാസങ്ങളായി തെരുവിലാണ്. ഇപ്പോൾ അവർ ഡൽഹിയിലും. അവർക്ക് പെട്ടന്ന് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടാൽ ഞങ്ങൾ സഹായത്തിനെത്തും' -ഡോക്ടർമാർ പറയുന്നു.
പ്രതിഷേധത്തിൽ പെങ്കടുക്കുന്ന ഭൂരിഭാഗം കർഷകരും ഉയർന്ന രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും മരുന്ന് കഴിക്കുന്നവരാണ്. പ്രായമായവരിൽ കൂടുതലായി ഹൃദയം, പല്ല് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളും കണ്ടുവരുന്നു. അതിനാൽ വാഹനത്തിൽ ഇ.സി.ജി മെഷീൻ സ്ഥാപിക്കുകയും പല്ല് വൃത്തിയാക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വൃത്തിയായ കുടിവെള്ളം ലഭ്യമല്ലാത്തതിനാൽ ത്വക്ക് രോഗങ്ങളും കർഷകരിൽ കണ്ടുവരുന്നതായി ഡോക്ടർമാർ പറയുന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഡോക്ടർമാർ വിവിധ ക്യാമ്പുകളിലായാണ് പ്രവർത്തനം. എന്നാൽ എല്ലാവർക്കും കർഷകരെ സഹായിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളതെന്ന് ഡോക്ടർമാർ കൂട്ടിച്ചേർത്തു.
കർഷകരെ ചികിത്സിക്കാൻ കഴിയുന്നത് പുണ്യമായാണ് കരുതുന്നത്. പുറമെനിന്ന് നോക്കുന്നവർ കർഷകർക്ക് അവിടെ സുഖമാണെന്നും അവർ ആഘോഷിക്കുകയാണെന്നുമാണ് കരുതുന്നത്. എന്നാൽ അവർ അവിടെ ദൈനംദിന ആവശ്യങ്ങൾക്കും പോലും കഷ്ടപ്പെടുകയാണെന്നും ഡോക്ടർമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.