കർഷകആത്മഹത്യകൾ ഒറ്റരാത്രികൊണ്ട് പരിഹരിക്കാനാവില്ല –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വർധിച്ചുവരുന്ന കർഷകആത്മഹത്യകൾ ഒറ്റരാത്രികൊണ്ട് പരിഹരിക്കാനാവില്ലെന്ന് സുപ്രീംകോടതി. കർഷകർക്ക് അനുകൂലമായി തങ്ങൾ തുടങ്ങിയ പദ്ധതികളുടെ ഫലം കാണാൻ ഒരു വർഷമെങ്കിലുമെടുക്കുമെന്ന കേന്ദ്ര സർക്കാറിെൻറ വാദം അംഗീകരിച്ച് ഇൗ അഭിപ്രായ പ്രകടനം നടത്തിയ ചീഫ് ജസ്റ്റിസ് ഖേഹാറിെൻറ നേതൃത്വത്തിലുള്ള ബെഞ്ച്, കർഷകആത്മഹത്യകൾെക്കതിരെ സമർപ്പിച്ച ഹരജി ആറുമാസത്തിനപ്പുറത്തേക്ക് മാറ്റി.
സിറ്റിസൺസ് റിസോഴ്സ് ആൻഡ് ആക്ഷൻ ഇനിഷ്യേറ്റിവ് (ക്രാന്തി) എന്ന സർക്കാറിതര സന്നദ്ധ സംഘടന സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. രാജ്യത്ത് കർഷക ആത്മഹത്യകൾ പെരുകിവരുകയാണെന്ന് പറഞ്ഞ് ആദ്യം ഹരജിക്കാർക്കൊപ്പം നിന്ന സുപ്രീംകോടതി പിന്നീട് കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിെൻറ വാദം കേട്ടശേഷം സർക്കാറിന് ആറുമാസം സമയം അനുവദിക്കുകയായിരുന്നു. കർഷകർക്ക് അനുകൂലമായി നിരവധി നടപടികൾ കേന്ദ്രസർക്കാർ എടുത്തിട്ടുണ്ടെന്ന് അറ്റോണി ജനറൽ ബോധിപ്പിച്ചു.
അത് ഫലപ്രാപ്തിയിലെത്താൻ മതിയായ സമയം വേണം. 12കോടി കർഷകരിൽ 5.34 കോടി പേർ ഫസൽ ബീമാ യോജന അടക്കം വിവിധ ക്ഷേമപദ്ധതികൾക്ക് കീഴിലാണ്. വിള ഇൻഷുറൻസിൽ 30ശതമാനം കൃഷിഭൂമികളും വന്നിട്ടുണ്ട്. 2018ഒാടെ ഇത് വീണ്ടും ഉയരുമെന്നും എ.ജി അവകാശപ്പെട്ടു.ഫലപ്രാപ്തിക്കായി അറ്റോണി ജനറൽ സമയം ചോദിച്ചത് നീതീകരിക്കത്തക്കതാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് മുന്നോട്ടുവെച്ച നിർദേശങ്ങൾ കർഷക ആത്മഹത്യകൾ പരിഹരിക്കുന്നതിന് കേന്ദ്രസർക്കാർ പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.