മധ്യപ്രദേശിൽ മൂന്നു കർഷകർകൂടി ആത്മഹത്യചെയ്തു
text_fieldsസെഹോർ (മധ്യപ്രദേശ്): കർഷസമരം ശക്തമായി തുടരുന്ന മധ്യപ്രദേശിൽ 24 മണിക്കൂറിനിടെ മൂന്ന് കർഷകർ കൂടി ജീവനൊടുക്കി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാെൻറ ജില്ലയായ സെഹോറിലാണ് ഒരു കർഷകൻ വിഷം കഴിച്ച് മരിച്ചത്. ഇതോടെ, സംസ്ഥാനത്ത് ഒരാഴ്ചക്കിടെ മരിച്ച കർഷകരുടെ എണ്ണം അഞ്ചായി.
ആറു ലക്ഷം രൂപയുടെ കടബാധ്യതയെ തുടർന്നാണ് സെഹേർ ജില്ലയിൽ ദുൽചന്ദ് കീർ (55)എന്ന കർഷകൻ വിഷം കഴിച്ച് മരിച്ചത്. ദുൽചന്ദ് കീർ ബാങ്കിൽനിന്ന് നാല് ലക്ഷവും മറ്റ് സ്രോതസ്സുകളിൽനിന്ന് രണ്ടു ലക്ഷവും കാർഷികാവശ്യങ്ങൾക്ക് വായ്പ വാങ്ങിയിരുന്നു. തിരിച്ചടക്കാനാവാത്തതിൽ കടുത്ത മനോവിഷമത്തിലായിരുന്നെന്നും മകൻ ഷേർ സിങ് പറഞ്ഞു. മറ്റൊരു സംഭവത്തിൽ,ഭെയ്റോപൂർ ഗ്രാമത്തിൽ കൃപാറാം ദിഗോദിയ(68) എന്ന കർഷകൻ കൃഷിയിടത്തിലെ മരത്തിൽ തൂങ്ങിമരിച്ചു. കൃഷിഭൂമി വിറ്റ് കടം വീട്ടാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിൽ മനംനൊന്താണ് മരണം. വിദിഷ ജില്ലയിലെ ജിറാപൂരിലാണ് മൂന്നാമത്തെ മരണം. ഹരി സിങ് ജാദവ്(40) ആണ് വിഷം കുടിച്ച് മരിച്ചത്. കർഷകരുടെ മരണത്തോടെ, പ്രക്ഷോഭം സംസ്ഥാനത്തെ പിടിച്ചുകുലുക്കുകയാണ്.
അതിനിടെ, പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട കർഷകരുടെ വീട് സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, ഗുജറാത്തിലെ സംവരണ സമരനേതാവ് ഹാർദിക് പേട്ടൽ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മൻദ്സൗറിൽ നിരോധനാജ്ഞയുള്ളതിനാൽ പോകാൻ അനുവദിക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. വിലക്ക് ലംഘിക്കാൻ ശ്രമിച്ചതോടെ നേതാക്കളെ ഉൾപ്പെടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ മൻദ്സൗറിൽ പ്രവേശിക്കാൻ ശ്രമിക്കവെ നീമുച്ച് ജില്ലയിലെ നയാഗാവിലാണ് ഹാർദിക് പേട്ടലിനെ അറസ്റ്റ് ചെയ്തത്. ജനതാദൾ (യു) നേതാവ് അഖിലേഷ് കത്യാറിനൊപ്പമെത്തിയ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയുമായിരുന്നു. പൊലീസ് നടപടിയെ നിശിതമായി വിമർശിച്ച ഹാർദിക് പേട്ടൽ, താൻ ഭീകരവാദിയല്ലെന്നും ലാഹോറിൽനിന്നല്ല വന്നതെന്നും പറഞ്ഞു.
അതിനിടെ, ജൂൺ എട്ടിന് കരേര പൊലീസ് സ്റ്റേഷൻ കത്തിക്കാൻ നേതൃത്വം നൽകിയെന്ന കേസിൽ കോൺഗ്രസ് എം.എൽ.എ ശകുന്തള ഖാതികിനെ കസ്റ്റഡിയിലെടുത്തു. കർഷക സമരം മധ്യപ്രദേശിൽ ഒതുക്കിനിർത്താൻ അധികൃതർക്ക് സാധിക്കില്ലെന്നും രാജ്യത്തുടനീളം വ്യാപിക്കുമെന്നും സാമൂഹിക പ്രവർത്തകൻ സ്വാമി അഗ്നിവേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.