ഇന്ന് കർഷക പരേഡ്, ബജറ്റ് ദിവസം പാർലമെൻറിലേക്കും മാർച്ച്
text_fieldsന്യൂഡൽഹി: രാജ്യത്തിെൻറ ചരിത്രത്തിൽ ആദ്യമായി റിപ്പബ്ലിക്ദിനത്തിൽ ഡൽഹിയിൽ കിസാൻ പരേഡിനിറങ്ങുന്ന പതിനായിരക്കണക്കിന് കർഷകർ അതു കഴിഞ്ഞ് ബജറ്റ് ദിവസം പാർലമെൻറിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു. ഡൽഹി പൊലീസ് നിർദേശിച്ച റൂട്ടുകളിലൂടെയായിരിക്കും പരേഡ് എന്ന് 'സംയുക്ത കിസാൻ മോർച്ച' വ്യക്തമാക്കിയപ്പോൾ വരുന്ന ട്രാക്ടറുകളെ ഉൾക്കൊള്ളാൻ ആ റോഡുകൾക്ക് കഴിയാത്തതിനാൽ അനുമതി നിഷേധിച്ച റിങ്റോഡിൽ പ്രവേശിക്കുമെന്ന് ഒറ്റക്ക് സമരം നടത്തുന്ന യൂനിയനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
കനത്ത സുരക്ഷാക്രമീകരണങ്ങൾക്കിടയിൽ രാവിലെ 10 മണിക്ക് റാലി പുറപ്പെടുമെന്നാണ് കർഷകർ അറിയിച്ചിരിക്കുന്നത്. എന്നാൽ, സർക്കാറിെൻറ ഔദ്യോഗിക റിപ്പബ്ലിക്ദിന പരേഡ് ചെങ്കോട്ടയിൽ സമാപിക്കാതെ ഡൽഹിയിലേക്കു പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കിയിട്ടുമുണ്ട്. റിപ്പബ്ലിക്ദിന പരേഡ് അവസാനിക്കുന്നതോടെ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ ട്രാക്ടറുകളുമായി മുൻകൂട്ടി നിശ്ചയിച്ച ഒമ്പതിടങ്ങളിൽനിന്ന് കിസാൻ പേരഡ് ആരംഭിക്കും. അത് മൂന്ന് കൈവഴികളിലൂടെ ഡൽഹിയിലേക്കു പ്രവേശിക്കും.
ഈ ദിവസത്തിെൻറ അന്തസ്സുയർത്തിപ്പിടിച്ച് റിപ്പബ്ലിക്കിെൻറ വീണ്ടെടുപ്പിന് ജനമിറങ്ങുകയാണെന്ന് സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് സിംഘു അതിർത്തിയിൽ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഹരിയാന-ഉത്തർപ്രദേശ്-രാജസ്ഥാൻ അതിർത്തികളിൽ ഇരിക്കുന്ന സമരക്കാർ ഷാജഹാൻപുരിലും പൽവലിലും ബദർപുരിലും ഹരിയാനയിൽനിന്നുതന്നെ സുനേഡ അതിർത്തി വരെയും ട്രാക്ടർ റാലി നടത്തുമെന്ന് യാദവ് തുടർന്നു.
എന്നാൽ, ഡൽഹി പൊലീസുമായി ധാരണയിലെത്തിയതുപോലെ പരേഡ് നടത്തിയാൽ കർഷകരുടെ ട്രാക്ടറുകളെ ഉൾക്കൊള്ളാൻ ഡൽഹിക്ക് കഴിയാതെ വരുമെന്നും നേരേത്ത പ്രഖ്യാപിച്ചതുപോലെ ഡൽഹിയെ വലയംചെയ്ത് റിങ്റോഡിൽ പരേഡുമായി പ്രവേശിക്കുമെന്നുമാണ് കിസാൻ മസ്ദൂർ സംഘർഷ് സമിതി പ്രഖ്യാപിച്ചിരിക്കുന്നത്. റിങ്റോഡ് ഒഴിവാക്കി ധാരണയിലെത്തിയതിനെ ഭാരതീയ കിസാൻ യൂനിയൻ ഏക്താ ഉഗ്രഹാൻ വിഭാഗവും അംഗീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.