ശംഭു അതിർത്തിയിൽ വീണ്ടും കർഷക ആത്മഹത്യ
text_fieldsചണ്ഡീഗഢ്: പഞ്ചാബിനും ഹരിയാനക്കും ഇടയിലെ അതിർത്തിയായ ശംഭുവിൽ പ്രതിഷേധം നടത്തുകയായിരുന്ന കർഷകൻ ആത്മഹത്യ ചെയ്തു. മൂന്നാഴ്ചക്കിടെ രണ്ടാമത്തെ കർഷകനാണ് ആത്മഹത്യ ചെയ്യുന്നത്.
പഞ്ചാബിലെ താൻ തരൺ ജില്ലയിലെ കർഷകനാണ് ആത്മഹത്യ ചെയ്തത്. വിളകൾക്ക് ഏർപ്പെടുത്തിയ മിനിമം താങ്ങുവില എടുത്തുകളയണമെന്നാവശ്യപ്പെട്ട് ശംഭു അതിർത്തിയിൽ കർഷകർ സമരം തുടരുകയാണ്.
പ്രതിഷേധം തുടർന്നിട്ടും കേന്ദ്രസർക്കാർ ഒരു നടപടിയും സ്വീകരിക്കാത്തതിൽ കർഷകൻ അസ്വസ്ഥനായിരുന്നു. ജീവൻ അവസാനിപ്പിക്കാൻ ശ്രമിച്ച കർഷകനെ ഉടൻ പട്യാലയിലെ രാജേന്ദ്ര ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
ഡിസംബർ 18നും സമാന രീതിയിൽ കർഷകർ ജീവനൊടുക്കിയിരുന്നു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഖനൗരി അതിർത്തിയിൽ നിരാഹാര സമരം തുടരുകയാണ് 70 കാരനായ ജഗ്ജിത് സിങ് ദല്ലേവാൾ. കേന്ദ്രം അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ദല്ലേവാളിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന് ചൊവ്വാഴ്ച കർഷക നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു.
''ദല്ലേവാളിന് എന്തെങ്കിലും സംഭവിച്ചാൽ ദൈവം പോലും മാപ്പുതരില്ല. സ്ഥിതി വഷളായാൽ പിന്നെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിൽ പോലുമാകില്ല കാര്യങ്ങൾ.''-എന്നാണ് കർഷക നേതാവ് അഭിമന്യൂ കോഹർ നൽകിയ മുന്നറിയിപ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്ലേവാളിനോട് സംസാരിക്കണമെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിങ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.