കർഷക പ്രക്ഷോഭം: ഡൽഹിയിൽ വൻ സുരക്ഷ,144 പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകസംഘടനകളുടെ കുട്ടായ്മ സംഘടിപ്പിക്കുന്ന ദില്ലി ചലോ മാർച്ച് ബുധനാഴ്ച ഡൽഹിയിൽ പ്രവേശിക്കാനിരിക്കെ സുരക്ഷ അതീവ കർശനമാക്കി ഡൽഹി പൊലീസ്. കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന സംഘടനകളായ കിസാൻ മസ്ദൂർ മോർച്ചയും സംയുക്ത കിസാൻ മോർച്ചയും (നോൺ പൊലിറ്റിക്കൽ) രാജ്യത്തുടനീളമുള്ള കർഷകരോട് ബുധനാഴ്ച ഡൽഹിയിലെത്താൻ ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നീക്കം. ഡൽഹിയിൽ 144 ഏർപ്പെടുത്തിയിട്ടുണ്ട്. ഐ.എസ്.ബി.ടി കശ്മീർ ഗേറ്റ്, ആനന്ദ് വിഹാർ, സരായ് കാലെ ഖാൻ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി.
തിക്രി, സിംഗു, ഗാസിപൂർ അതിർത്തികളിലും റെയിൽവേ, മെട്രോ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും കർശന നിരീക്ഷണം ഏർപ്പെടുത്തിയതായി ഡൽഹി പോലീസ് അറിയിച്ചു. ഡൽഹി-ഹരിയാന അതിർത്തിയിൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഔട്ടർ) ജിമ്മി ചിറാം പറഞ്ഞു. അതിർത്തിയോ റൂട്ടോ അടയ്ക്കുന്നില്ലെങ്കിലും കർശന വാഹന പരിശോധന ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ട്രെയിൻ, ബസുകൾ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളിലും കർഷകർ വരുമെന്നതിനാൽ റെയിൽവേ, മെട്രോ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും കൂടുതൽ പൊലീസിനെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. മാർച്ച് സുരക്ഷാ സേന തടഞ്ഞതിനെ തുടർന്ന് പ്രതിഷേധിക്കുന്ന കർഷകർ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിർത്തികളിൽ തമ്പടിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.