'കാർഷിക നിയമങ്ങളിൽ സർക്കാർ പുനർവിചിന്തനം നടത്തണം' -മായാവതി
text_fieldsന്യൂഡൽഹി: രാജ്യത്തെ കർഷകർക്കിടയിൽ കോലാഹലമുണ്ടാക്കുന്ന പുതിയ കാർഷിക നിയമങ്ങളെക്കുറിച്ച് കേന്ദ്രസർക്കാർ പുനർവിചിന്തനം നടത്തണമെന്ന് ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി. കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനം വളഞ്ഞ് കർഷകർ പ്രതിഷേധിക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അവർ.
'കേന്ദ്രസർക്കാർ പുതുതായി കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ രാജ്യത്തെ കർഷകർ പ്രകോപിതരാണ്. പ്രതിഷേധം കണക്കിലെടുക്കുേമ്പാൾ, കർഷകരുടെ സമ്മതമില്ലാതെ നടപ്പിലാക്കിയ ഈ നിയമനിർമാണത്തെക്കുറിച്ച് കേന്ദ്രസർക്കാർ പുനർവിചിന്തനം നടത്തുന്നത് നന്നാകും' -മായാവതി പറഞ്ഞു.
കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെയും കർഷകരെ പിന്തുണച്ചും നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. പുതിയ കാർഷിക നിയമങ്ങൾ കർഷകരുമായി ചർച്ചചെയ്യേണ്ടത് ആവശ്യമാണെന്നാണ് നേതാക്കളുടെയും അഭിപ്രായം.
'കാർഷിക നിയമങ്ങൾ കൊണ്ടുവരുന്നതിന് മുമ്പ് മോദിജി കർഷകരുമായി കൂടിയാലോചിച്ചിരുന്നുവെങ്കിൽ, എന്തുകൊണ്ട് ഇത്തരമൊരു സാഹചര്യം ഉടലെടുത്തു? മോദിജി തീർച്ചയായും ഈ കാർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണം. ശേഷം കർഷകരുമായി ചർച്ച നടത്തുകയും പാർലമെൻററി കമ്മിറ്റിയിൽ ചർച്ചക്ക് വിടുകയും വേണം' -കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ചോദിച്ചു.
കാർഷിക നിയമങ്ങൾക്കെതിരെ നാലുദിവസമായി കർഷകരുടെ പ്രതിഷേധം രാജ്യ തലസ്ഥാനത്ത് ശക്തിയാർജ്ജിച്ചതോടെയാണ് നേതാക്കളുടെ പ്രതികരണം. കർഷക നേതാക്കളുമായി ഡിസംബർ മൂന്നിന് കേന്ദ്രസർക്കാർ ചർച്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.