'ഈ കർഷക സമരവീഥിക്ക് പൊള്ളുന്ന വെയിലും അനുഗ്രഹം'
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ കർഷക ദ്രോഹ നിയമങ്ങൾക്കെതിരെയുള്ള സമരം 23ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ബില്ലുകൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ. സമരം ഓരോ ദിവസവും ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൊടും തണുപ്പിലും അവരുടെ പോരാട്ടവീര്യം കുറയുന്നില്ല. എന്നാൽ ചുട്ടുപൊള്ളുന്ന വെയിൽ തങ്ങൾക്ക് അനുഗ്രഹമാറ്റി മാറ്റുകയാണ് ഇവർ.
പ്രതിഷേധത്തിൽ പങ്കെടുക്കാൻ ട്രാക്ടറിലും മറ്റും ഡൽഹി-ഗാസിയാപൂർ അതിർത്തിയിലെത്തിയ കർഷകർ റോഡിനിരുവശവും സോളാർ പാനൽ നിരത്തി വെച്ചിരിക്കുകയാണ്. മൊബൈൽ ഫോൺ, ബാറ്ററി എന്നിവ ചാർജ്ജ് ചെയ്യാനായാണ് സോളാർ പാനൽ ഉപയോഗിക്കുന്നത്. സിംഘു അതിർത്തിയിൽ ചപ്പാത്തി നിർമാണം, അലക്കു യന്ത്രം എന്നിവ പ്രവർത്തിപ്പിക്കുന്നതും സോളാർ ഊർജ്ജം ഉപയോഗിച്ചാണ്.
'ഞങ്ങളുടെ ഫോൺ, ട്രാക്ടർ ബാറ്ററി എന്നിവ ചാർജ്ജ് ചെയ്യുന്നതിനായി സോളാർ പാനലും കൊണ്ടുവന്നിട്ടുണ്ട്. നാട്ടിലുള്ള കൃഷിഭൂമിയിലെ ജോലികൾ, വീട്ടുകാരുമായുള്ള ബന്ധപ്പെടൽ എന്നിവ മൊബൈലിലൂടെ തടസ്സമില്ലാതെ നടക്കുന്നുണ്ട്. അതിന് സോളാറാണ് സഹായിക്കുന്നത്'. -കർഷകനായ അമൃത് സിങ് പറഞ്ഞു.
സിംഘു-തിക്രി അതിർത്തിയിൽ ഒരു സംഘം വളണ്ടിയർമാർ 'ട്രോളി ടൈംസ്' എന്ന പേരിൽ ദ്വൈവാരികയായി ന്യൂസ് ലെറ്ററും ആരംഭിച്ചിട്ടുണ്ട്. അതുവഴി ദിവസേന നടക്കുന്ന കർഷക സമരവുമായി ബന്ധപ്പെട്ടുള്ള സംഭവ വികാസങ്ങൾ അറിയിക്കുക എന്നതാണ് ലക്ഷ്യം.
സമരം തുടങ്ങിയ ആദ്യദിവസങ്ങളിൽനിന്ന് ഏറെ വ്യത്യസ്ഥമാണ് ഇന്ന് സമരമുഖം. നിരവധി സന്നദ്ധ സംഘടനകളുടെയും മറ്റും സഹായത്താൽ നിർമിച്ച ടെന്‍റുകൾ, മെഡിക്കൽ സ്റ്റോർ, ലൈബറി, ലങ്കർ,ചെറിയ ക്ഷേത്രം തുടങ്ങി സജ്ജീകരണങ്ങളാണ് ഒരുക്കിയത്. വസ്ത്രം, മരുന്ന്, ഭക്ഷണം തുടങ്ങി അവശ്യവസ്തുക്കളും നിരവധിയാളുകൾ ഇവിടെക്ക് എത്തിക്കുന്നുണ്ട്.
സിംഘു അതിർത്തിയിൽ, ലുധിയാനയിൽ നിന്നുള്ള കർഷകനായ പ്രിൻസ് സന്ധു സമരക്കാർക്കായി രണ്ട് വാഷിംഗ് മെഷീനുകൾ വാങ്ങി നൽകിയിരുന്നു. ദിവസേന 500 ഓളം വസ്ത്രങ്ങളാണ് ഇതിലൂടെ അലക്കുന്നത്. ട്രോളികളിൽ നിന്നും ട്രക്കുകളിൽ നിന്നുമുള്ള ബാറ്ററികളും ജനറേറ്ററുകളും മറ്റും ഉപയോഗിച്ചാണ് യന്ത്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് സന്ധു പറഞ്ഞു.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന യന്ത്രം വഴി മണിക്കൂറിനുള്ളിൽ ആയിരത്തിലധികം റൊട്ടികളാണ് ലങ്കറിൽ തയ്യാറാക്കുന്നത്. പത്തിലധികം മെഡിക്കൽ ക്യാമ്പുകളും മെഡിക്കൽ സ്റ്റോറുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ബസിനുള്ളിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ക്യാമ്പിൽ എക്സ്-റേ മെഷീനും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമുണ്ട്. മൊഹാലിയിൽ നിന്നുള്ള ഡോ. സണ്ണി അലുവാലിയ, രണ്ട് വിദ്യാർഥികളും സദാസമയവും സേവനം നൽകുന്നുണ്ട്.
മതം, ആത്മീയത, ഫിക്ഷൻ, ഇന്ത്യൻ നിയമങ്ങൾ തുടങ്ങി വൈവിധ്യമാർന്ന അഞ്ഞൂറിലധികം പുസ്തകങ്ങളുള്ള ഒരു ചെറിയ ലൈബ്രറിയുമായാണ് ജസ്വീർ സിംഗ് എത്തിയത്. ദിവസവും 80 മുതൽ 90 ആളുകൾ വരെ ലൈബ്രറി സേവനം ഉപയോഗിപ്പെടുത്തുന്നുണ്ടെന്ന് ജസ്വീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.