പോരാട്ട വിജയം; മധുരം വിളമ്പിയും ഡാൻസ് കളിച്ചും സന്തോഷം പങ്കുവെച്ച് കർഷകർ
text_fieldsന്യൂഡൽഹി: കാർഷിക നയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ സന്തോഷം പങ്കുവെച്ച് കർഷകർ. ഗാസിപൂർ അതിർത്തിയിലാണ് കർഷക വിജയാഘോഷം.
ഗാസിപൂർ അതിർത്തിയിൽ കർഷകർ കിസാൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ മുഴക്കി ജിലേബി വിതരണം നടത്തി. ചിലർ തെരുവുകളിൽ നൃത്തം ചെയ്യുന്നതും പടക്കം പൊട്ടിക്കുന്നതും കാണാം.
അതേസമയം, കർഷക ദ്രോഹ നിർദേശങ്ങളടങ്ങിയ മൂന്ന് കാർഷിക നിയമങ്ങളും പാർലമെന്‍റിൽ പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന് സമര സമിതിയുടെ നേതാവ് രാകേഷ് ടികായത്ത് അറിയിച്ചു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്.
സിഖ് ഗുരു ഗുരുനാനാകിന്‍റെ ജൻമദിനത്തിൽ രാജ്യത്തെ അഭിസംബോധനം ചെയ്തു കൊണ്ടാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. കർഷകർ സമരത്തിൽ നിന്ന് പിൻമാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
വെറും പ്രഖ്യാപനത്തിനപ്പുറത്ത് നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ സമരം പിൻവലിക്കൂ എന്ന നിലപാടിലാണ് കർഷകരിപ്പോൾ. സമരം ഉടനെ അവസാനിപ്പിക്കില്ലെന്നും പാർലമെന്‍റിൽ നിയമങ്ങൾ പിൻവലിക്കുന്നതു വരെ സമരം തുടരുമെന്നുമാണ് കർഷക നേതാവ് രാകേഷ് ടികായത്ത് അറിയിച്ചത്.
ഒരു വർഷത്തിലേറെ നീണ്ട കർഷ സമരത്തിൽ 750 ഒാളം കർഷകരുടെ ജീവൻ നഷ്ടമായിട്ടുണ്ടെന്നാണ് ഇതുവരെയുള്ള കണക്ക്. ജനവികാരം എതിരാകുന്നെന്ന തിരിച്ചറിവിലാണ് കേന്ദ്ര സർക്കാർ സമരം പിൻവലിക്കാൻ തയാറായത്. ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിയും അഞ്ച് സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും മുന്നിൽ കണ്ടാണ് മുട്ടുമടക്കാൻ മോദി സർക്കാർ തയാറായത്.
ജനരോഷം ശമിച്ചാൽ കാർഷിക നിയമങ്ങൾ പിൻവലിക്കാമെന്ന വാഗ്ദാനത്തിൽ സർക്കാർ വെള്ളം ചേർക്കുമെന്ന ആശങ്ക കർഷകർക്കുണ്ട്. പാർലമെന്‍റ് പാസാക്കി നിയമമായ സ്ഥിതിക്ക് നടപടിക്രമങ്ങൾ പാലിച്ചു വേണം അതു പിൻവലിക്കാൻ. നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതു വരെ സമരം തുടരാനും സമ്മർദം നില നിർത്താനുമാണ് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.