വോട്ടെണ്ണൽ കാത്ത് കർഷകർ അതിർത്തിയിൽ
text_fieldsഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം കാത്താണ് തങ്ങൾ പതുങ്ങിയതെന്നും സമരം പൂർവാധികം ശക്തിയോടെ തുടരുമെന്നും സംസ്ഥാന അതിർത്തിയിൽ പൊലീസ് തടഞ്ഞ കർഷകർ. ഫലം എന്തായാലും ആവശ്യങ്ങൾ നേടിയെടുക്കാൻ ഡൽഹിയിലേക്ക് പോകുമെന്നും അത് സമാധാനപരമായ മാർഗത്തിലാകട്ടെയെന്ന് കരുതിയാണ് ശംഭു, കനൗരി അതിർത്തികളിൽ കാത്തിരിക്കുന്നതെന്നും കർഷക നേതാവ് തേജ്വീർ സിങ് പറഞ്ഞു. മാസങ്ങൾ പിന്നിട്ടിട്ടും ഇവിടെ തമ്പടിച്ചിരിക്കുന്നവരുടെ സമരാവേശത്തിന് കുറവില്ല. നേതൃത്വത്തിന്റെ തീരുമാനമനുസരിച്ച് ആളുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ഇപ്പോൾ ഹരിയാനയിലെ കർഷകർ ബി.ജെ.പി സർക്കാറിനെ തോൽപിക്കാനുള്ള ശ്രമത്തിലാണ്. തങ്ങളെ തടഞ്ഞിട്ടതടക്കമുള്ള വിഷയങ്ങൾ അവർ ബി.ജെ.പി സ്ഥാനാർഥികളോട് ഉന്നയിക്കുന്നുണ്ട്. ഉത്തരം നൽകാത്തവരെ പ്രചാരണത്തിന് അനുവദിക്കുന്നില്ലെന്നും തേജ്വീർ സിങ് വിശദീകരിച്ചു.
ഡൽഹി വളഞ്ഞുള്ള ആദ്യ കർഷക സമരം അവസാനിപ്പിക്കാൻ കേന്ദ്രം നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗമാണ് ഫെബ്രുവരി 13ന് പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് മാർച്ച് ആരംഭിച്ചത്. കർഷകരെ അതിർത്തികളിൽ ഹരിയാന പൊലീസ് തടഞ്ഞതോടെ ദിവസങ്ങൾ നീണ്ട ഏറ്റുമുട്ടലിലേക്ക് നയിച്ചു. ഇതിനിടെ, യുവ കർഷകൻ മരിച്ചതോടെ ഉപരോധ സമരം പ്രഖ്യാപിച്ച് അവിടെ തുടരുകയാണ്.
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ നിലപാട് പ്രഖ്യാപിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ ജിന്ദിലും പിപ്ലിയിലും കർഷക സംഘടനകൾ മഹാസമ്മേളനം വിളിച്ചിരുന്നു. ബി.ജെ.പിയെ തോൽപിക്കാനും ഡൽഹി ചലോ മാർച്ച് തുടരാനുമാണ് സമ്മേളനം തീരുമാനിച്ചത്. അധികാരത്തിലെത്തിയാൽ അതിർത്തി തുറക്കുന്ന കാര്യത്തിൽ കോൺഗ്രസ് നിലപാട് അറിയിക്കണമെന്നും കർഷക നേതാക്കൾ വ്യക്തമാക്കിയിരുന്നു. അതിർത്തി തുറക്കുന്നതിൽ കർഷക അനുകൂല നിലപാട് സീകരിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ ഹൂഡ ഉറപ്പ് നൽകിയിട്ടുണ്ട്. വിള നഷ്ടപരിഹാരം ഉടൻ നൽകുന്നതടക്കം കർഷകർക്ക് വൻ വാഗ്ദാനങ്ങളും കോൺഗ്രസ് മുന്നോട്ടുവെച്ചു.
ഒക്ടോബർ എട്ടിനാണ് തെരഞ്ഞെടുപ്പ് ഫലം. 15ന് ഡൽഹിയിൽ ചേരുന്ന കർഷക സംഘടനകളുടെ ജനറൽ ബോഡിയിൽ ഡൽഹി ചലോ മാർച്ചിന്റെ തുടർ തീരുമാനങ്ങളുണ്ടാകും. ഐതിഹാസിക ഒന്നാം കാർഷിക സമരത്തിന്റെ നാലാം വാർഷികമായ നവംബർ 26ന് മാർച്ച് പുനരാരംഭിക്കാമെന്ന അഭിപ്രായവും കർഷക സംഘടനകൾക്കുണ്ടെന്നും നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.