ഇന്ന് വിജയസമാപ്തി: കർഷകർ ഇന്ന് രാവിലെ വിജയറാലിയോടെ ഡൽഹി അതിർത്തികളിൽനിന്ന് മടങ്ങും
text_fieldsന്യൂഡൽഹി: 15 മാസത്തെ സമരം അവസാനിപ്പിച്ച് കർഷകർ ഇന്ന് രാവിലെ വിജയറാലിയോടെ ഡൽഹി അതിർത്തികളിൽനിന്ന് മടങ്ങും. ചരിത്രം കുറിച്ച സമരവിജയം ഉദ്ഘോഷിച്ചുള്ള 'ഫതേഹ് മാർച്ചി'ന് (വിജയറാലി) കർഷകസമരത്തിെൻറ സിരാകേന്ദ്രമായ സിംഘുവിൽ രാവിലെ ഒമ്പതിന് തുടക്കമാവും.
ഇന്ത്യയിൽനിന്ന് അഫ്ഗാനിസ്താൻ വരെയെത്തുന്ന നൂറ്റാണ്ടുകളുടെ പടയോട്ട ചരിത്രമുള്ള ഗ്രാൻറ് ട്രങ്ക് റോഡിെൻറ നടുവിൽ 10 കിലോമീറ്റർ ദൂരത്തിൽ നീണ്ടുകിടക്കുന്ന സമര പന്തലുകളും തമ്പുകളും ലങ്കറുകളും പൊളിച്ചു മാറ്റിക്കൊണ്ടിരിക്കുകയാണ് സിംഘുവിലെ കർഷകർ. കർഷകരെ കൊണ്ടുപോകാൻ ഹരിയാനയിലെയും പഞ്ചാബിലെയും കർഷക ഗ്രാമങ്ങളിൽനിന്ന് വന്നവർ സമരത്തിനിരിക്കുന്നവരെ വിജയഹാരങ്ങളണിയിക്കുന്നുണ്ട്. സമരഭൂമിയിൽ രക്തസാക്ഷി സ്മാരകവും ലങ്കറും സ്ഥാപിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്.
ഒരു വർഷത്തിലേറെ ഒരേ സ്ഥലത്ത് ഇതുപോലെ കാവലിരുന്നത് നിഹാംഗുകളുടെ ചരിത്രത്തിൽ ആദ്യമാണെന്നും ഡൽഹി പൊലീസിനും സമരവേദിക്കുമിടയിൽ സുരക്ഷക്കായി ഉയർത്തിയ തമ്പ് പൊളിച്ചുകൊണ്ടിരിക്കുന്ന ഗ്യാനി ശംസീർ സിങ് പറഞ്ഞു.
രക്തസാക്ഷികൾക്ക് ഈ സമരഭൂമിയിൽ സ്മാരകം ഉയർത്തി വർഷത്തിൽ 365 ദിവസവും ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുന്ന ലംഗർ സ്ഥാപിക്കാനാണ് തങ്ങളുടെ ശ്രമമെന്നും അതിന് ഭൂമി കണ്ടെത്തുമെന്നും ജസ്ബീർ സിങ് പറഞ്ഞു.
സിംഘുവിലെ പ്രധാന സമരവേദിയിൽനിന്ന് സമരബോർഡ് നീക്കംചെയ്ത് വേദി പൊളിച്ചുമാറ്റിയെങ്കിലും വേദിക്ക് മുന്നിൽ സ്ഥാപിച്ച താൽക്കാലിക രക്തസാക്ഷി മണ്ഡപം നീക്കം ചെയ്തിട്ടില്ല. അത് എടുത്തുമാറ്റരുതെന്ന നിലപാടിലാണ് കർഷകരിൽ വലിയൊരു വിഭാഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.