കർഷകർ റോഡ് തടഞ്ഞത് ദൂരെ; പ്രധാനമന്ത്രിയുടെ സുരക്ഷ മറികടന്നത് ബി.ജെ.പി പ്രവർത്തകർ
text_fieldsന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പൂരിൽ റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാർഗതടസ്സം തീർത്തത് സുരക്ഷാ സന്നാഹങ്ങൾ മറികടക്കാതെയാണെന്ന് കർഷകർ. ബി.ജെ.പി പതാകയേന്തി മേൽപാലത്തിൽ സുരക്ഷ മറികടന്ന് മോദിയുടെ അടുത്തേക്ക് ചെന്നത് പാർട്ടി അനുയായികളാണ്. ഇതിനുള്ള തെളിവായി മോദിയുടെ കാറിന് അടുത്ത് ബി.ജെ.പി പ്രവർത്തകർ പതാകയേന്തി മുദ്രാവാക്യം വിളിക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും കർഷകർ പുറത്തുവിട്ടു.
ഫിറോസ്പുർ - മോഗ മേൽപാലത്തിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കിടക്കുന്നതിന്റെ അകലെ കർഷകർ നടുറോഡിൽ തമ്പടിച്ചതാണ് ഇതുവരെ പുറത്തുവന്ന വിഡിയോകളിൽ കാണുന്നത്. എന്തു മാത്രം അകലത്തിലാണ് കർഷകർ നിൽക്കുന്നതെന്ന് അതിൽനിന്ന് വ്യക്തമല്ല. പ്രധാനമന്ത്രിക്ക് എല്ലാ കാലാവസ്ഥക്കും അനുയോജ്യമായ ഹെലികോപ്റ്ററുണ്ടായിട്ടും അത് ഒഴിവാക്കി റോഡ് മാർഗം തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് പഞ്ചാബ് സർക്കാർ ചോദിച്ചു.
കുന്നിൻപ്രദേശങ്ങളില്ലാത്ത സമതലത്തിലൂടെയായിരുന്നു ഹെലികോപ്റ്ററിന് പോകാനുണ്ടായിരുന്നതെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, മാർഗതടസ്സം ഉണ്ടെന്ന് പറയാതെ പൊലീസ് മേധാവി പച്ചക്കൊടി കാണിച്ചതാണ് സുരക്ഷാ വീഴ്ചയിലേക്ക് നയിച്ചത് എന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചത്. നിരോധിത സിഖ് സംഘടനയായ 'സിഖ്സ് ഫോർ ജസ്റ്റിസ്' ഈ വിഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും അതിർത്തി കടന്നുള്ള ഭീകരതയുടെ കോണിലും വിഷയം കാണേണ്ടതുണ്ടെന്നും കേന്ദ്രം വാദിച്ചു.
പഞ്ചാബ് സർക്കാർ റിപ്പോർട്ട് നൽകി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ വാഹനവ്യൂഹവും കർഷകപ്രതിഷേധത്തിൽ കുടുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി. ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായ സംഭവം അന്വേഷിക്കാൻ കേന്ദ്ര സർക്കാറിന്റെ പ്രത്യേക സംഘം വെള്ളിയാഴ്ച ഫിറോസ്പൂരിലെത്തി.
സംഭവത്തിൽ തിരിച്ചറിയാത്ത 150 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും രണ്ടംഗസമിതിയെ അന്വേഷണത്തിനു നിയോഗിച്ചിട്ടുണ്ടെന്നും പഞ്ചാബ് സർക്കാറിനുവേണ്ടി ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സുരക്ഷസന്നാഹങ്ങളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും പഞ്ചാബ് സർക്കാർ അവകാശപ്പെടുന്നു.
ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി, കർഷകർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് ഫിറോസ്പുരിലെ മേൽപാലത്തിൽ 20 മിനിറ്റോളം കുടുങ്ങുകയും തുടർന്ന് റാലി റദ്ദാക്കി തിരിച്ചുപോവുകയും ചെയ്ത സംഭവത്തിലാണ് കേന്ദ്രവും പഞ്ചാബ് സർക്കാറും ഒരേ സമയം അന്വേഷണം നടത്തുന്നത്.
സുരക്ഷാകാര്യ കാബിനറ്റ് സെക്രട്ടറി സുധീർകുമാർ സക്സേനയുടെ നേതൃത്വത്തിൽ, രഹസ്യാന്വേഷണവിഭാഗം ഉപമേധാവി ബൽബീർ സിങ്, സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ് ഐ.ജി എസ്. സുരേഷ് എന്നിവരടങ്ങിയതാണ് കേന്ദ്ര സംഘം. വാഹനവ്യൂഹം കുടുങ്ങിയ മേൽപാലം സന്ദർശിച്ച സംഘം, ഉദ്യോഗസ്ഥരിൽനിന്ന് മൊഴിയെടുക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സന്ദർശനസമയത്ത് ചുമതലയുണ്ടായിരുന്നവർ അടക്കം നിരവധി പൊലീസ്-റവന്യു ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
സംസ്ഥാന സർക്കാർ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തില്ലെന്ന് കുറ്റപ്പെടുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഗുരുതര സുരക്ഷവീഴ്ച ചൂണ്ടിക്കാട്ടി ഭട്ടിൻഡയിലെയും ഫിറോസ്പുരിലെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി റിപ്പോർട്ടുണ്ട്.
ഏകോപനം പാളി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ കാര്യത്തിൽ ഏകോപനമില്ലാത്തതിന്റെ മികച്ച ഉദാഹരണമാണ് ജനുവരി അഞ്ചിന് പഞ്ചാബ് അതിർത്തിയിൽ നടന്നതെന്ന് സുരക്ഷ വിദഗ്ധർ. സംസ്ഥാന പൊലീസും പ്രത്യേക സുരക്ഷ സേനയും (എസ്.പി.ജി) പരസ്പര വിശ്വാസത്തിൽ പ്രവർത്തിച്ചാലാണ് വി.വി.ഐ.പികളുടെ സുരക്ഷ ഉറപ്പാക്കാനാകൂ. പ്രധാനമന്ത്രിക്ക് സുരക്ഷിത പാതയൊരുക്കേണ്ടത് അതത് സംസ്ഥാനത്തിന്റെ കടമയാണ്. അത് നടപ്പാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന പൊലീസിനാണ്- ദേശീയ സുരക്ഷ സംഘം മുൻ ഡയറക്ടർ ജനറൽ സുധീപ് ലക്ടാക്കിയ പറഞ്ഞു.
പ്രധാനമന്ത്രി അടക്കമുള്ള വി.വി.ഐ.പികളുടെ സുരക്ഷ സംബന്ധിച്ച് ബ്ലൂബുക്കിലെ നിർദേശങ്ങളെയാണ് പ്രത്യേക സുരക്ഷ സേന പരിഗണിക്കുക. സംസ്ഥാന സർക്കാറുകളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച് അതിൽ നിർദേശിച്ചിട്ടുണ്ടെന്ന് സുധീപ് ലക്ടാക്കിയ പറഞ്ഞു.
ദൗത്യം പൂർത്തിയാക്കാതെ പ്രധാനമന്ത്രിക്ക് മടങ്ങേണ്ടിവന്നത് സുരക്ഷ പിഴവുതന്നെയാണ്. അന്വേഷണത്തിൽ എസ്.പി.ജി ഉദ്യോഗസ്ഥർക്കാണ് വീഴ്ച വന്നതെങ്കിൽ അവരെ മാതൃസേനയിലേക്ക് മടക്കി അയക്കലാണ് നടപടിയെന്ന് 1984 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ സുധീപ് പറഞ്ഞു. സംസ്ഥാന പൊലീസിനാണ് വീഴ്ചയെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകുന്നതാണ് രീതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
100 കിലോമീറ്ററിലേറെയുള്ള യാത്രക്ക് റോഡുമാർഗം തെരഞ്ഞെടുത്തതും അതിൽതന്നെ മേൽപാതയിലൂടെ യാത്ര നിശ്ചയിച്ചതുമാണ് വലിയ സുരക്ഷ വീഴ്ചയെന്ന് സിക്കിം പൊലീസ് മുൻ ഡയറക്ടർ ജനറലും മൂന്ന് പതിറ്റാണ്ടോളം ഇന്റലിജൻസ് ബ്യൂറോയിൽ പ്രവർത്തിച്ചയാളുമായ അവിനാഷ് മോഹനാനേയ് ചൂണ്ടിക്കാട്ടി.
അന്വേഷണ സമിതികൾ മരവിപ്പിച്ച് സുപ്രീംകോടതി
മോദിയുടെ വാഹനവ്യൂഹം കർഷകർ തടഞ്ഞ സംഭവത്തിൽ ഉണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ കേന്ദ്രവും പഞ്ചാബ് സർക്കാറും നിയോഗിച്ച സമിതികളുടെ പ്രവർത്തനങ്ങൾ തിങ്കളാഴ്ചവരെ സുപ്രീംകോടതി മരവിപ്പിച്ചു. അവയുടെ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിർദേശിച്ചു.
മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇരു സർക്കാറുകളും പഞ്ചാബ്-ഹരിയാന ഹൈകോടതി രജിസ്ട്രാർ ജനറലിന് കൈമാറണമെന്നും അദ്ദേഹം ഇവ ശേഖരിച്ച് സുരക്ഷിതമായി സൂക്ഷിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.
ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സൂര്യകാന്ത് ഹിമ കൊഹ്ലി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രധാനമന്ത്രിയുടെ സുരക്ഷ സംസ്ഥാന വിഷയമല്ലെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ഹരജി നൽകിയ മുൻ എ.എസ്.ജി മനീന്ദർ സിങ് വാദിച്ചു. 20 മിനിറ്റ് നേരം മോദി വഴിയിൽ കുടുങ്ങിയ സംഭവത്തിൽ എല്ലാവരും തല താഴ്ത്തണമെന്നും വീണ്ടുമൊരിക്കലും സംഭവിക്കാൻ അനുവദിക്കരുതെന്നും സിങ് തുടർന്നു. പഞ്ചാബ് നിയോഗിച്ച റിട്ട. ജഡ്ജി അനുയോജ്യനല്ലെന്നും കോടതിതന്നെ മേൽനോട്ടം വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീംകോടതി മേൽനോട്ടത്തിൽ കേന്ദ്ര അന്വേഷണം വേണമെന്ന ആവശ്യത്തെ സോളിസിറ്റർ ജനറലും പിന്തുണച്ചു.
തിങ്കളാഴ്ച വരെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിടണമെന്നും കേന്ദ്രം നിയോഗിച്ച സമിതി പഞ്ചാബ് ഡി.ജി.പിക്കും ഉദ്യോഗസ്ഥർക്കും നോട്ടീസ് അയച്ചിരിക്കുകയാണെന്നും പഞ്ചാബ് എ.ജി ബോധിപ്പിച്ചു. പഞ്ചാബ് സമിതിയുടെ പ്രവർത്തനം മരവിപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ, കേന്ദ്രം വലിയ വിഷയമല്ല അന്വേഷിക്കുന്നതെന്നും ആഭ്യന്തരമായ ഉദ്ദേശ്യമാണ് നോട്ടീസിനെന്നും എസ്.ജി വാദിച്ചു. നടപടി എടുക്കുന്നുണ്ടെങ്കിൽ അത് തിങ്കളാഴ്ചക്ക് ശേഷമേ ആകാവൂ തിങ്കളാഴ്ച വരെ മരവിപ്പിച്ചതുകൊണ്ട് എന്തു സംഭവിക്കാനാണെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. തുടർന്ന് ഇരു സമിതികളും തിങ്കളാഴ്ചവരെ പ്രവർത്തിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ചണ്ഡിഗഢ് ഡി.ജി.പിക്കോ ദേശീയ അന്വേഷണ ഏജൻസി ഓഫിസർക്കോ നോഡൽ ഓഫിസറുടെ ചുമതല നൽകാമെന്ന് കോടതി തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.