അടിസ്ഥാന താങ്ങുവില, വൈദ്യുതി ഭേദഗതി ബിൽ; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കർഷകരുടെ തുറന്ന കത്ത്
text_fieldsന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കർഷകരുടെ തുറന്നകത്ത്. അടിസ്ഥാന താങ്ങുവില ഉൾപ്പെടെയുള്ള കാര്യങ്ങളാണ് കത്തിൽ സൂചിപ്പിക്കുന്നത്. കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയുടേതാണ് കത്ത്.
കാർഷിക വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കണം. വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണം. കർഷകരുമായി കേന്ദ്രസർക്കാർ ഇനിയും ചർച്ചക്ക് തയാറാകണം -തുടങ്ങിയവയാണ് കത്തിലെ പ്രധാന ആവശ്യങ്ങൾ.
മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യെപ്പട്ട് നടത്തിയ പ്രക്ഷോഭത്തിനിടെ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം. പ്രക്ഷോഭത്തിനിടെ മരിച്ച കർഷകർക്കായി സ്മാരകം നിർമിക്കണം -കത്തിൽ പറയുന്നു.
വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടും സമരം തുടരുമെന്ന നിലപാടിലാണ് കർഷകർ. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതിൽ മോദിയെ നന്ദി അറിയിച്ച സംയുക്ത കിസാൻ മോർച്ച, 11 വട്ട ഉഭയകക്ഷി ചർച്ച നടത്തിയിട്ടും പരിഹാരം കാണാതെ ഏകപക്ഷീയമായ പാത മോദി തെരഞ്ഞെടുത്തെന്നും പറഞ്ഞു.
രാജ്യതലസ്ഥാനത്ത് എയർ ക്വാളിറ്റി മാനേജ്മെൻറ് കമീഷൻ, 2021ലെ അഡ്ജോയിനിങ് ഏരിയാസ് ആക്ട് എന്നിവയിലെ കർഷകർക്കെതിരായ വ്യവസ്ഥകൾ എടുത്തുകളയണം. ഉത്തർപ്രദേശ് ലഖിംപൂർ ഖേരി കർഷകകൊലപാതകവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും കർഷകരുടെ കത്തിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.