'ദില്ലി ചലോ'; രാജ്യതലസ്ഥാനം ലക്ഷ്യമിട്ട് മാർച്ച് തുടങ്ങി കർഷകർ
text_fieldsന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ നടത്തുന്ന 'ദില്ലി ചലോ' മാർച്ചിന് തുടക്കമായി. കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഇന്ന് സമരത്തിന് തുടക്കമായത്. പഞ്ചാബിലെ ഫത്തേഗഡിൽ നിന്ന് രാവിലെ 10ന് കിസാൻ മസ്ദൂർ മോർച്ച അംഗങ്ങൾ ഡൽഹി ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. ശംഭു അതിർത്തിയിൽ നൂറുകണക്കിന് കർഷകരാണ് യാത്രയിൽ അണിനിരക്കാൻ എത്തിയിട്ടുള്ളത്. അതേസമയം, അതിർത്തി മേഖലകളെല്ലാം അടച്ച പൊലീസ് കർഷക റാലിയെ നേരിടാനുള്ള ഒരുക്കത്തിലാണ്.
സർക്കാറുമായി ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഇന്നലത്തെ യോഗത്തിൽ പരമാവധി ശ്രമിച്ചതാണെന്നും ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്നാണ് സമരം ആരംഭിക്കുന്നതെന്നും പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവൻ സിങ് പാന്തെർ പറഞ്ഞു.
ഹരിയാനയെ സർക്കാർ യുദ്ധഭൂമിയാക്കി മാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാ ഗ്രാമങ്ങളിലേക്കും പൊലീസ് എത്തുകയാണ്. എല്ലാ ഗ്രാമങ്ങളിലേക്കും ജലപീരങ്കികൾ അയക്കുകയാണ്. കശ്മീർ താഴ്വരക്ക് സമാനമാണ് ഹരിയാനയിലെ ഗ്രാമങ്ങൾ. കർഷകരും കുടുംബാംഗങ്ങളും പൊലീസ് ക്രൂരതക്കിരയാവുകയാണ്. ഇക്കാര്യം ഇന്നലത്തെ ചർച്ചയിൽ ഉന്നയിച്ചുവെന്ന് സർവൻ സിങ് പാന്തെർ പറഞ്ഞു.
ഞങ്ങൾ രാജ്യത്തെ കർഷകരും തൊഴിലാളികളുമാണ് സമരരംഗത്തുള്ളത്. അതിന് പ്രത്യേക രാഷ്ട്രീയ ബന്ധങ്ങളോ ലക്ഷ്യങ്ങളോ ഇല്ല. ഇത് ഞങ്ങളുടെ മാത്രം പ്രശ്നമല്ല. രാജ്യത്തെ 140 കോടി ജനങ്ങളുടെയും ആവശ്യമാണ് -അദ്ദേഹം പറഞ്ഞു.
കടുത്ത നടപടികളാണ് ഡൽഹി, ഹരിയാന പൊലീസ് കർഷകറാലിയെ നേരിടാൻ കൈക്കൊള്ളുന്നത്. ഡൽഹിയിലേക്ക് ട്രാക്ടറുകളുടെ പ്രവേശനം നിരോധിച്ചു. തോക്കുകൾ, സ്ഫോടക വസ്തുക്കൾ, ചുടുകട്ടകൾ, കല്ലുകൾ, പെട്രോൾ, സോഡാ കുപ്പി എന്നിവയും കൈയിൽ കരുതാൻ പാടില്ല. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ തിക്രു, സിംഘു, ഗാസിപൂർ, ബദർപൂർ എന്നിവിടങ്ങളിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. യാത്ര തടയാൻ ഡൽഹി അതിർത്തികളിൽ കോൺക്രീറ്റ് സ്ലാബും മുള്ളുവേലികളും പൊലീസ് സ്ഥാപിച്ചിരിക്കുകയാണ്.
ഹരിയാന സർക്കാർ സംസ്ഥാനത്തെ ഏഴു ജില്ലകളിലെ ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട്. മെസേജുകള്‍ അയക്കുന്നതിനും നിയന്ത്രണമുണ്ട്. സംസ്ഥാനത്ത് ഇന്ധന വില്പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കര്‍ഷകര്‍ക്ക് പരമാവധി 10 ലിറ്റര്‍ മാത്രം ഇന്ധനം വിറ്റാല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.