കർഷക പ്രക്ഷോഭം പഞ്ചാബിന് നഷ്ടമുണ്ടാക്കുന്നു; ഡൽഹിയിലോ ഹരിയാനയിലോ പ്രതിഷേധിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
text_fieldsഅമൃത്സർ: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും ഡൽഹിയിലോ ഹരിയാനയിലോ പോയി സമരം ചെയ്യണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. പഞ്ചാബിന്‍റെ താൽപര്യത്തിന് അനുസരിച്ചല്ല കർഷക സമരം. സംസ്ഥാനത്ത് സമരം അവസാനിപ്പിച്ച് ഡൽഹിയിലോ ഹരിയാനയിലോ പോയി പ്രതിഷേധിക്കണം -അമരീന്ദർ സിങ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 113 സ്ഥലങ്ങളിലാണ് കർഷകരുടെ പ്രതിഷേധം. ഈ പ്രതിഷേധങ്ങൾ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നാണ് അമരീന്ദർ സിങ്ങിന്‍റെ അഭിപ്രായം. മുഖിലാനയിലെ ഗവൺമെന്‍റ് കോളജിന്‍റെ ശിലാസ്ഥാപനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കർഷകർക്ക് ധർണ നടത്തണമെങ്കിൽ പഞ്ചാബിന് പകരം ഹരിയാനയിലേക്കോ ഡൽഹിയിലേക്കോ പോകണം' -അമരീന്ദർ സിങ് പറഞ്ഞു.
സംസ്ഥാന സർക്കാറും ജനങ്ങളും പ്രതിഷേധിക്കുന്ന കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനാൽ പഞ്ചാബിൽ പ്രക്ഷോഭം സംഘടിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ കേന്ദ്രം കാലതാമസം വരുത്തുന്നതിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. കേന്ദ്രസർക്കാറിൽ സമ്മർദ്ദം ചെലുത്തുന്നതിനായി പഞ്ചാബിൽനിന്ന് മാറി മറ്റിടങ്ങളിൽ സമരം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം നിർദേശിച്ചു.
കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങളുമായി ബന്ധെപ്പട്ട് ശിരോമണി അകാലിദൾ കർഷകരെ കബളിപ്പിക്കുകയാണെന്ന് ആരോപിച്ച മുഖ്യമന്ത്രി അകാലിദളിന്‍റെ സമ്മതത്തോടെയാണ് നിയമങ്ങൾ തയാറാക്കിയതെന്നും പറഞ്ഞു. കൂടാതെ ഹർസിമ്രത് കൗർ ബാദൽ, മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലും ആദ്യം നിയമത്തെ അംഗീകരിച്ചിരുന്നുവെന്നും പിന്നീട് യു ടേൺ തിരിയുകയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
1950ന് ശേഷം 127 തവണ ഭരണഘടന ഭേദഗതി ചെയ്തു. അതിനാൽ ഒരിക്കൽ കുടി കാർഷിക നിയമങ്ങൾ എടുത്തുകളഞ്ഞ് സിംഘു, ടിക്രി അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകരെ സഹായിക്കണമെന്നും അമരീന്ദർ പറഞ്ഞു. പ്രക്ഷോഭത്തിനിടെ മരിച്ച ഓരോ കർഷകന്‍റെയും കുടുംബത്തിന് പഞ്ചാബ് സർക്കാർ അഞ്ചുലക്ഷം രൂപ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ഹരിയാന മുഖ്യമന്ത്രി അനിൽ വിജ് രംഗത്തെത്തി. പ്രക്ഷോഭത്തിനായി പഞ്ചാബ് കർഷകരെ പ്രേരിപ്പിക്കുന്നുവെന്നായിരുന്നു അനിൽ വിജിന്‍റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.