കർഷകരെ ഒഴിപ്പിച്ചു; പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ഗതാഗതം പുനരാരംഭിച്ചു
text_fieldsപഞ്ചാബ്-ഹരിയാന അതിർത്തിയിൽ ഹൈവേയിൽ സ്ഥാപിച്ച തടസ്സം നീക്കുന്നു
ചണ്ഡിഗഢ്: പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ഒരു വർഷത്തോളമായി നടത്തുന്ന കർഷക സമരത്തെതുടർന്ന് അടച്ചിടേണ്ടിവന്ന ശംഭു-അംബാല ദേശീയപാത അധികൃതർ ബലമായി തുറന്നു. നേതാക്കൾ ഉൾപ്പെടെ നിരവധി കർഷകരെ കസ്റ്റഡിയിലെടുത്ത ശേഷമാണ് പഞ്ചാബ്, ഹരിയാന അധികൃതരുടെ നടപടി. കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നത് തടയാൻ ഒരു വർഷം മുമ്പാണ് ശംഭു, ഖനൗരി അതിർത്തികളിൽ കോൺക്രീറ്റ് ബാരിക്കേഡുകൾ സ്ഥാപിച്ചത്. തുടർന്ന് കർഷകർ ദേശീയപാത ഉപരോധിച്ച് സമരം ആരംഭിക്കുകയായിരുന്നു. റോഡിൽ ടെന്റുകൾ സ്ഥാപിച്ചും ട്രോളികൾ നിരത്തിയുമായിരുന്നു കർഷകരുടെ സമരം.
ബുധനാഴ്ച വൈകീട്ട് ഹരിയാന അധികൃതർ ബാരിക്കേഡ് നീക്കിയപ്പോൾ പഞ്ചാബ് ഭാഗത്ത് കർഷകരുടെ കൂടാരങ്ങളും താൽക്കാലിക നിർമിതികളും ബുൾഡോസർ ഉപയോഗിച്ച് തകർത്തു. താൽക്കാലിക സ്റ്റേജുകളും മറ്റും പൊളിച്ചുമാറ്റിയ ശേഷം പ്രതിഷേധ സ്ഥലങ്ങൾ വൃത്തിയാക്കി. ഒരു വർഷത്തിലേറെയായി കർഷകർ നിർത്തിയിരുന്ന ട്രോളികളും മറ്റു വാഹനങ്ങളും നീക്കംചെയ്തു. ഏകദേശം 3000 ഉദ്യോഗസ്ഥരാണ് ഖനൗരി അതിർത്തിയിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാനായി എത്തിയത്.
കേന്ദ്ര പ്രതിനിധിസംഘവുമായുള്ള കൂടിക്കാഴ്ചയിൽനിന്ന് മടങ്ങുന്നതിനിടെ സർവാൻ സിങ് പാന്തർ, ജഗ്ജിത് സിങ് ദല്ലേവാൾ എന്നിവരുൾപ്പെടെ നിരവധി കർഷക നേതാക്കളെ മൊഹാലിയിൽ പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് കർഷകർ ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിന് മുന്നിൽ ധർണ നടത്തി.
ബി.ജെ.പിയും ആം ആദ്മിയും കർഷകവിരുദ്ധ പാർട്ടികൾ -ഖാർഗെ
ന്യൂഡൽഹി: ശംഭുവിലെയും ഖനൗരിയിലെയും പ്രതിഷേധ സ്ഥലങ്ങളിൽനിന്ന് കർഷകരെ ഒഴിപ്പിച്ചതിൽ ബി.ജെ.പിയെയും ആം ആദ്മി പാർട്ടിയെയും വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്തെ ഭക്ഷ്യ ദാതാക്കൾക്കെതിരെ രണ്ടു കർഷകവിരുദ്ധ പാർട്ടികൾ കൈകോർത്തതായി ഖാർഗെ ആരോപിച്ചു.
പഞ്ചാബ് സർക്കാർ കർഷകരെ ബലമായി ഒഴിപ്പിച്ചതിനെയും നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെയും ഖാർഗെ അപലപിച്ചു. ഇരു പാർട്ടികളും രാജ്യത്തെ കർഷകരെ വഞ്ചിച്ചെന്നും ഖാർഗെ ‘എക്സി’ൽ കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.