ടിയർ ഗ്യാസ് ഷെല്ലുകളിടുന്ന ഡ്രോണുകളെ പ്രതിരോധിക്കാൻ പട്ടങ്ങളുമായി കർഷകർ
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനം ലക്ഷ്യമാക്കിയുള്ള കർഷകരുടെ മാർച്ച് തടയുന്നതിന് നിരവധി മാർഗങ്ങളാണ് പൊലീസ് കഴിഞ്ഞ ദിവസം പരീക്ഷിച്ചത്. ശംഭു ബോർഡറിൽ ഡ്രോണുകൾ ഉപയോഗിച്ച് ടിയർ ഗ്യാസ് ഷെല്ലുകൾ വിതറിയായിരുന്നു പൊലീസ് മാർച്ചിനെ പ്രതിരോധിക്കാൻ ശ്രമിച്ചത്. ഡ്രോണുകൾ ഉപയോഗിച്ച് ടിയർ ഗ്യാസ് ഷെല്ലിട്ട് സമരവീര്യം കെടുത്താനുള്ള പൊലീസിന്റെ നീക്കത്തെ ചെറുക്കാൻ ഒരുങ്ങി തന്നെയായിരുന്നു കർഷകർ ഇന്നെത്തിയത്. ഇതിനായി പട്ടങ്ങളായിരുന്നു കർഷകർ ഉപയോഗിച്ചത്.
ഡ്രോണുകൾക്ക് സമീപം പട്ടം പറത്തി കർഷകർ അതിനെ തടയാൻ ശ്രമിക്കുന്ന നിരവധി വിഡിയോകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരിക്കുന്നത്. മിനിമം താങ്ങുവിലക്ക് നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ഡൽഹിയെ ലക്ഷ്യമാക്കി പഞ്ചാബിലെ കർഷകർ മാർച്ച് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ഹരിയാന അതിർത്തിയിൽ കർഷകരുടെ മാർച്ച് പൊലീസ് തടഞ്ഞിരുന്നു. കോൺക്രീറ്റ് ഭിത്തി കെട്ടിയും റോഡുകളിൽ ആണി വിതറിയുമെല്ലാമാണ് കർഷകരെ തടയാൻ പൊലീസ് ശ്രമിച്ചത്. ഇതിനിടെ ഡ്രോണുകളിൽ കണ്ണീർവാതക പ്രയോഗവും നടത്തിയിരുന്നു. സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച എന്നിവക്ക് കീഴിൽ 200ഓളം കർഷക സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.