ഈ സമരം ചരിത്രമാണ്, വരുംതലമുറകൾ ഏറ്റുപാടും -ദിൽജിത് ദൊസാൻഝ്
text_fieldsന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം ചരിത്രമാണെന്നും ഈ സമരചരിത്രം വരുംതലമുറകൾ ഏറ്റുപാടുമെന്നും പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദൊസാൻഝ്. ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ കർഷക പ്രക്ഷോഭത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ, കർഷക സമരത്തെ പരിഹസിച്ച നടി കങ്കണക്കെതിരെ രൂക്ഷവിമർശനമുയർത്തി ദിൽജിത് ശ്രദ്ധേയനായിരുന്നു.
കർഷകരുടെ പ്രശ്നങ്ങളെ വഴിമാറ്റാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാറിനോട് ഒരേയൊരു അഭ്യർഥനയാണുള്ളത്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം. എല്ലാവരും സമാധാനപരമായി വന്നിരുന്നാണ് സമരം ചെയ്യുന്നത്. രാജ്യം മുഴുവൻ കർഷകർക്കൊപ്പമുണ്ട് -ദിൽജിത് ദൊസാൻഝ് പറഞ്ഞു.
നേരത്തെ, കർഷക പ്രക്ഷോഭത്തിൽ അണിനിരന്ന പ്രായമായ സിഖ് സ്ത്രീയെ കങ്കണ റണാവത്ത് ശഹീൻബാഗ് സമരനായിക ബിൽകീസ് ബാനുെവന്ന് തെറ്റായി ചൂണ്ടിക്കാട്ടിയതും 100 രൂപ ദിവസക്കൂലിക്ക് സമരം ചെയ്യുന്നവരാണ് അവരെന്ന് ആക്ഷേപിച്ചതും ഏറെ വിവാദമായിരുന്നു. ഇതിന് ദിൽജിത് ചുട്ട മറുപടി നൽകിയിരുന്നു. തുടർന്ന് ട്വിറ്ററിൽ ഇരുവരും അന്യോന്യം ട്വീറ്റുകളെയ്ത് ഏറ്റുമുട്ടിയതിനൊടുവിൽ ദിൽജിതിനെ 'ഭീകരൻ' എന്ന് മുദ്രകുത്തി കങ്കണ ട്വീറ്റിട്ടു. ഇതിന് തകർപ്പൻ മറുപടിയുമായി ഗായകനും രംഗത്തെത്തി. ഈ പോരിനിടയിൽ 'കങ്കണാ..ഇത് ബോളിവുഡല്ല, പഞ്ചാബാണ്. ഇവിടെ നുണ പറഞ്ഞ് ആളുകെള സ്വാധീനിക്കാമെന്ന് കരുതേണ്ട' എന്നും ദിൽജിത് ഓർമിപ്പിച്ചിരുന്നു.
കർഷക ദ്രോഹപരമായ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭം പത്തുദിവസമായി തുടരുകയാണ്. കേന്ദ്ര സർക്കാറും കർഷകരും തമ്മിലുള്ള അഞ്ചാംവട്ട ചർച്ചയും ഡൽഹിയിൽ പുരോഗമിക്കുകയാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ സമരം തുടരുമെന്നാണ് കർഷകരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.