രാജ്ഭവനുകളിലേക്ക് കർഷക മാർച്ച്
text_fieldsന്യൂഡല്‍ഹി/തിരുവനന്തപുരം: വിവാദ കാര്‍ഷികനിയമങ്ങള്‍ കേന്ദ്രം റദ്ദാക്കിയതിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളമടക്കം 25 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലും രാജ്ഭവനുകളിലേക്ക് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ലോങ് മാര്‍ച്ച് നടത്തി. സമരക്കാർക്ക് സര്‍ക്കാർ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലും ലഖിംപുര്‍ ഖേരി കൊലപാതകക്കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തതിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്.
300 ജില്ല ആസ്ഥാനങ്ങളിലും കർഷകർ മാർച്ച് നടത്തി. തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ്, ഭോപാൽ, ജയ്പുർ, ലഖ്നോ, ചണ്ഡിഗഢ്, പട്ന, കൊൽക്കത്ത തുടങ്ങിയ തലസ്ഥാന നഗരങ്ങളിൽ നടന്ന മാർച്ചിൽ ലക്ഷക്കണക്കിന് പേർ പങ്കെടുത്തു. വിവിധയിടങ്ങളിലായി സമരത്തിൽ പങ്കെടുത്ത 3000ത്തിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ നൂറുകണക്കിന് കര്‍ഷകര്‍ പങ്കെടുത്തു.
തിരുവനന്തപുരത്ത് കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വി. ജോയ് എം.എല്‍.എ, കര്‍ഷക സംഘടന നേതാക്കളായ വേണുഗോപാലന്‍ നായര്‍, കെ.സി. വിക്രമന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, എസ്.കെ. പ്രീജ, വി.എസ്. പത്മകുമാര്‍, സന്തോഷ് യോഹന്നാന്‍, വി.പി. ഉണ്ണികൃഷ്ണന്‍, ഉഴമലക്കല്‍ വേണുഗോപാല്‍, കാവല്ലൂര്‍ കൃഷ്ണന്‍ നായര്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.