മഹാരാഷ്ട്രയിൽ വീണ്ടും കർഷകരുടെ കാൽനട ജാഥ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും കർഷകരുടെ കാൽനട ജാഥ. തിങ്കളാഴ്ച നാസികിൽനിന്ന് ആരംഭിച്ച ജാഥ 175 കിലോ മീറ്ററുകൾ താണ്ടി 23 ന് മുംബൈയിൽ എത്തും. സി.പി.എമ്മും കിസാൻ സഭയും നേതൃത്വം നൽകുന്ന ജാഥയിൽ കർഷകർ, തൊഴിലാളികൾ, ആശാ വർക്കർമാർ അടക്കം ആയിരത്തിലേറെ പേർ പങ്കെടുക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
സവാളക്ക് ക്വിന്റലിന് 600 രൂപ അടിയന്തര സഹായം, അടുത്ത സീസണിൽ ക്വിന്റലിന് 2,000 രൂപ താങ്ങുവില, പരമ്പരാഗതമായി കൃഷി ചെയ്തുവരുന്ന വനഭൂമിയുടെ അവകാശം ആദിവാസികൾക്ക് നൽകുക, കടം എഴുതിത്തള്ളുക, അസമയത്തെ മഴയിലുണ്ടായ കൃഷിനാശങ്ങൾക്ക് നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്.
സവാളക്ക് ക്വിന്റലിന് 300 രൂപ അടിയന്തര സഹായം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തിങ്കളാഴ്ച പ്രഖ്യാപിച്ചെങ്കിലും കർഷകർ തള്ളി. തുക പര്യാപ്തമല്ലെന്നും താങ്ങുവിലയുടെ കാര്യത്തിൽ മുഖ്യമന്ത്രി മൗനംപാലിക്കുന്നുവെന്നും ജാഥ നയിക്കുന്ന മുൻ സി.പി.എം എം.എൽ.എ ജീവ പാണ്ടു ഗാവിത് പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇതു മൂന്നാം തവണയാണ് കർഷകർ മുംബൈയിലേക്ക് കാൽനട ജാഥ നടത്തുന്നത്. വില കുത്തനെ ഇടിഞ്ഞതോടെ സവാള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാർസൽ അയച്ചും നിരത്തിൽ തള്ളിയും കത്തിച്ചും കൃഷിയിടങ്ങൾ ഉഴുതുമറിച്ചും കർഷകർ പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.