അഗ്നിപഥിനെതിരെ കർഷകസംഘടനകൾ രാജ്യവ്യാപക പ്രക്ഷോഭത്തിന്
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ അഗ്നിപഥ് സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ ദേശവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷക സംഘടനകൾ. കാർഷിക നിയമങ്ങൾക്കെതിരെ ഐതിഹാസിക സമരം നയിച്ച, കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയാണ് ആഗസ്റ്റ് ഏഴിന് ദേശീയതലത്തിൽ കാമ്പയിൻ ആരംഭിക്കുന്നത്.
യുനൈറ്റഡ് ഫ്രന്റ് ഓഫ് എക്സ് സർവിസ്മെൻ, വിവിധ യുവജന സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് പ്രക്ഷോഭം നടത്തുകയെന്ന് കിസാൻ മോർച്ച വ്യക്തമാക്കി. ''സായുധസേനകളിൽ സ്ഥിരനിയമന രീതിക്ക് അവസാനം കുറിക്കുന്നതാണ് അഗ്നിപഥ്. ഇത് സേനകളുടെ അംഗബലം വൻതോതിൽ കുറക്കും. തങ്ങളുടെ യുവാക്കളെ രാഷ്ട്ര സേവനത്തിനു വിട്ടുനൽകിയ കർഷക കുടുംബങ്ങൾക്ക് വലിയ തിരിച്ചടിയാണിത്'' -സംയുക്ത കിസാൻ മോർച്ച ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
പതിനേഴര വയസ്സു മുതൽ 21 വരെയുള്ളവരെ, നാലു വർഷത്തേക്ക് മാത്രം സൈനിക സേവനത്തിന് നിയമിക്കുന്ന പദ്ധതിയാണ് അഗ്നിപഥ്.ഇതിൽ 25 ശതമാനം പേരെ 15 വർഷത്തേക്കു കൂടി നിയമിക്കാനും വിഭാവനം ചെയ്യുന്നു. പദ്ധതിക്കെതിരെ വൻ പ്രക്ഷോഭം ഉയർന്നതിനെ തുടർന്ന് ഉയർന്ന പ്രായപരിധി 2022ലേക്ക് മാത്രം 23 ആക്കി ഉയർത്തിയിരുന്നു.
പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പടിഞ്ഞാറൻ യു.പി, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ളവരുടെ പ്രാതിനിധ്യം സേനയിൽ വൻതോതിൽ കുറയുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽനിന്നും വിവിധ ജാതി വിഭാഗങ്ങളിൽ നിന്നും പ്രത്യേകമായി നടത്തുന്ന റിക്രൂട്ട്മെന്റിനെയും ഇത് ബാധിക്കും.
കാമ്പയിന്റെ ഭാഗമായി 'ജയ് ജവാൻ ജയ് കിസാൻ' എന്ന പേരിൽ ആഗസ്റ്റ് ഏഴുമുതൽ 14 വരെ വിവിധ സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്ന് അധ്യക്ഷൻ യോഗേന്ദ്ര യാദവ് അറിയിച്ചു. ഇതിനു പിന്നാലെ വിവിധ മേഖലകളിലായി കൂടുതൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.