വരുമാനം ഇരട്ടിയാക്കാനും കുറഞ്ഞ നികുതി നടപ്പാക്കാനും കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് കർഷക സംഘടനകൾ
text_fieldsന്യൂഡൽഹി: ശനിയാഴ്ച ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ ബജറ്റിന് മുന്നോടിയായുള്ള കൂടിക്കാഴ്ചയിൽ കർഷക പ്രതിനിധികളും കാർഷിക പങ്കാളികളും വിലകുറഞ്ഞ ദീർഘകാല വായ്പ നൽകാനും കുറഞ്ഞ നികുതികൾ നടപ്പിലാക്കാനും വരുമാനം ഇരട്ടിയാക്കാനും സർക്കാറിനോട് അഭ്യർഥിച്ചു. കാർഷിക മേഖലയിലെ ഒന്നിലധികം വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിട്ടുള്ള നിർദേശങ്ങളുടെ വിശദമായ ചർച്ച രണ്ട് മണിക്കൂർ നീണ്ട യോഗത്തിൽ നടന്നു. കാർഷിക വായ്പകളുടെ പലിശ നിരക്ക് 1ശതമാനമായി കുറക്കുക, വാർഷിക പി.എം-കിസാൻ ഗഡു 6,000 രൂപയിൽ നിന്ന് 12,000 രൂപയായി ഉയർത്തുക എന്നിവയായിരുന്നു പ്രാഥമിക ആവശ്യങ്ങൾ.
സാമ്പത്തിക ആശ്വാസം, വിപണി പരിഷ്‌കരണങ്ങൾ, തന്ത്രപരമായ നിക്ഷേപങ്ങൾ എന്നിവയിൽ ഊന്നിക്കൊണ്ടുള്ള പ്രധാന ആവശ്യങ്ങൾ ഇതിൽ ഉന്നയിച്ചതായാണ് റിപ്പോർട്ട്. കാർഷിക ഉൽപാദനക്ഷമതയും കർഷക ക്ഷേമവും വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഇടപെടലുകളുടെ ആവശ്യകത ഭാരത് കൃഷക് സമാജ് ചെയർമാൻ അജയ് വീർ ജാഖർ മുന്നോട്ടുവെച്ചു. പ്രധാനമന്ത്രി ഫസൽ ബീമാ യോജനക്കു കീഴിൽ ചെറുകിട കർഷകർക്ക് ‘സീറോ പ്രീമിയം വിള ഇൻഷുറൻസി’നായി കർഷക സംഘടനകളും ശക്തമായി വാദിച്ചു.
കാർഷിക യന്ത്രങ്ങൾ, രാസവളങ്ങൾ, വിത്തുകൾ, മരുന്നുകൾ എന്നിവയിൽ ജി.എസ്.ടി ഇളവുകൾ വേണമെന്ന് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടതോടെ നികുതി പരിഷ്കരണങ്ങൾ നിർദേശങ്ങളിലെ നിർണായക ഘടകമായി. കീടനാശിനി ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറക്കണമെന്ന് പി.എച്ച്.ഡി ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി അഭ്യർഥിച്ചു.
ഭൂവാടക, കാർഷിക കൂലി, വിളവെടുപ്പിനു ശേഷമുള്ള ചെലവുകൾ എന്നിവ ഉൾപ്പെടുന്ന കണക്കുകൾ നിരത്തി ഭാരതീയ കിസാൻ യൂണിയൻ വക്താവ് ധർമേന്ദ്ര മാലിക് മിനിമം താങ്ങുവില സംവിധാനത്തിൻ്റെ സമഗ്രമായ അവലോകനം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.