ഇന്ധനവില വർധന; കർഷക പ്രക്ഷോഭ വേദിയിലും പ്രതിഷേധം
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ പെട്രോൾ -ഡീസൽ -പാചകവാതക വിലവർധനക്കെതിരെ ഡൽഹി അതിർത്തിയിൽ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരും. ഇന്ധനവില ഉടനടി പകുതിയായി കുറക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് കർഷക പ്രക്ഷോഭ വേദിയിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ 12 വരെ സംയുക്ത കിസാർ മോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മോട്ടോർസൈക്കിളുകൾ, കാറുകൾ, ട്രാക്ടറുകൾ, മറ്റു വാഹനങ്ങൾ തുടങ്ങിയവ പാതയോരത്ത് നിർത്തിയിട്ടായിരുന്നു പ്രതിഷേധം. സമാധാനപരമായാണ് സമരപരിപാടികളെന്നും കർഷക നേതാവ് ലഖ്ബീർ സിങ് പറഞ്ഞു.
കർഷക പ്രക്ഷോഭകരുടെ ഇന്ധനവില വർധനക്കെതിരായ സമരത്തിന് പിന്തുണയുമായി നിരവധിപേർ കാലി സിലിണ്ടറുകൾ തലയിലേന്തി റോഡിലെത്തി. ഇന്ധനവില നിർണയാധികാരം കേന്ദ്രസർക്കാർ തിരിച്ചെടുക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
ഡൽഹിയിൽ ഉൾപ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളിൽ പെട്രോൾ വില ലിറ്ററിന് നൂറുരൂപ കടന്നിരുന്നു. ഡീസൽ വിലയും രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നൂറുകടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.