കർഷക പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ് മോദിയും
text_fieldsപാട്യാല: അയ്യായിരത്തിലധികം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ കവചമുണ്ടായിട്ടും പഞ്ചാബിൽ കർഷക പ്രതിഷേധത്തിന്റെ ചൂട് ശരിക്കും അനുഭവിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബിലെ പാട്യാലയിൽ വ്യാഴാഴ്ച മോദിയുടെ തെരഞ്ഞെടുപ്പ് റാലി പ്രഖ്യാപിച്ചപ്പോഴേ, പ്രധാന കർഷക സംഘടനകളെല്ലാം പ്രതിഷേധവും പ്രഖ്യാപിച്ചിരുന്നു.
നേരത്തേ, സംസ്ഥാനത്തെ മുഴുവൻ ബി.ജെ.പി സ്ഥാനാർഥികളുടെ പ്രചാരണങ്ങൾക്കുനേരെയും കർഷകരുടെ കരിെങ്കാടി പ്രയോഗമടക്കമുള്ള പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ഇതിന്റെ തുടർച്ചയിലാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് റാലി നടക്കുന്ന പാട്യാലയിലെ പോളോ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറുമെന്ന് കർഷകർ പ്രഖ്യാപിച്ചത്.
അതേസമയം, കനത്ത സുരക്ഷയിൽ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ പ്രക്ഷോഭകർക്കായില്ല. സ്റ്റേഡിയത്തിന് ഒരു കിലോമീറ്റർ അകലെ പൊലീസ് സുരക്ഷാവേലി കെട്ടി. റാലിയിൽ പങ്കെടുക്കാനെത്തിയവരെയും ഇവിടെ തടഞ്ഞു. പിന്നീട്, ഇവർ സ്റ്റേഡിയത്തിലേക്ക് നടന്നുപോയി. റാലിയെ അഭിസംബോധന ചെയ്ത മോദി, ആപ് സർക്കാറിനെതിരെ ആഞ്ഞടിച്ചു. ഇൻഡ്യ മുന്നണി രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഞ്ചാബിന്റെ ഭൂപ്രകൃതിയെയും സംസ്കാരത്തെയുമെല്ലാം പ്രകീർത്തിച്ച് സംസാരിച്ച് മോദി പക്ഷേ, കർഷക പ്രശ്നങ്ങളെക്കുറിച്ച് മൗനം പാലിച്ചു. മോദി ഇന്ന് ഗുർദാസ് പൂരിലും ജലന്ധറിലും പ്രചാരണ റാലികളിൽ പങ്കെടുക്കുന്നുണ്ട്. അവിടെയും പ്രതിഷേധത്തിന് സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ.
പഞ്ചാബ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അമരീന്ദർ സിങ്ങിന്റെ ഭാര്യ പ്രണീത് കൗറാണ് പാട്യാലയിലെ ബി.ജെ.പി സ്ഥാനാർഥി. 2019ൽ, കോൺഗ്രസ് ടിക്കറ്റിൽ പ്രണീത് ഇവിടെനിന്ന് പാർലമെന്റിലെത്തിയിരുന്നു. സംസ്ഥാന മന്ത്രി ഡോ. ബൽബീർ സിങ്ങാണ് ഇവിടെ ആപ് സ്ഥാനാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.