കോവിഡ് ഭീതിയിലും സമരവീര്യം കൈവിടാതെ കർഷകർ; ഡൽഹിയിലേക്ക് മാർച്ചിന് ഒരുങ്ങുന്നു
text_fieldsന്യൂഡൽഹി: രാജ്യമെങ്ങും കോവിഡ് ഭീതിയിൽ വിറങ്ങലിച്ചു നിൽക്കെ, നിലനിൽപിനായുള്ള പോരാട്ടം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കർഷക പ്രേക്ഷാഭകർ. വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടും ഇവരുടെ പോരാട്ടവീര്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരം തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച ഭാരവാഹികൾ അറിയിച്ചു. കോവിഡ് വാക്സിനേഷന് തങ്ങൾ തയ്യാറാണെന്നും എന്നാൽ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും ഇവർ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ, മേയ് 11, 12 തീയതികളിൽ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ ഡൽഹി അതിർത്തിയിൽ സംഘടിക്കുമെന്ന് കിസാൻ മോർച്ച നേതാക്കളെ ഉദ്ധരിച്ച് വിവധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയതു. വിവാദമായ മൂന്ന് കർഷക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്ന പക്ഷം ചർച്ചക്ക് തയ്യാറാണെന്നും കർഷക നേതാക്കൾ സൂചിപ്പിച്ചു.
വിളവെടുപ്പ് കാലമായതിനാൽ അതിർത്തി സമരകേന്ദ്രങ്ങളിൽ കർഷക പങ്കാളിത്തം കുറവാണ്. എങ്കിലും ടോൾ പ്ലാസ ഉപരോധം, മാളുകൾക്ക് മുന്നിലുള്ള സത്യാഗ്രഹം തുടങ്ങിയ സമരപരിപാടികൾ ഇപ്പോഴും തുടരുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് പ്രക്ഷോഭ സ്ഥലത്തോട് ചേർന്ന് നിൽക്കുന്ന ഹൈവേ തുറന്നുകൊടുക്കാൻ നേരത്തെ തന്നെ കർഷകർ തീരുമാനിച്ചിരുന്നു.
അതിനിടെ, പഞ്ചാബ് സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗൺ സർക്കാറിന്‍റെ കോവിഡ് പ്രതിരോധ വീഴചകൾ മറച്ചുവെക്കാനുള്ള തന്ത്രമാണെന്ന് കർഷക സംഘടന നേതാക്കൾ ആരോപിച്ചു. ലോക്ഡൗൺ നിർദേശങ്ങൾ ലംഘിക്കുമെന്നും സംസ്ഥാനത്ത് വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവർ പറഞ്ഞു. എന്നാൽ, ലോക്ഡൗൺ മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് മുന്നറിയിപ്പ് നൽകി.
ബർണാല റെയിൽവേ സ്റ്റേഷൻ, ബർണാല-ലുധിയാന റോഡിലെ മെഹാൽ കലൻ, ബർണാല-സംഗ്രൂർ ദേശീയപാതയിലെ ബദ്ബാർ, ബതിൻഡ -ചണ്ഡിഗഡ് ദേശീയപാതയിലെ ലെഹ്ര ബെഗ വില്ലേജ് എന്നവിടങ്ങളിലെ ടോൾ പ്ലാസകൾ അടക്കം സംസ്ഥാനത്തുടനീളം നൂറോളം കേന്ദ്രങ്ങളിൽ കർഷകർ പ്രക്ഷോഭം തുടരുന്നുണ്ട്. സമരക്കാരോട് കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കാനും വാക്സിനേഷൻ എടുക്കാനും മാസ്ക് ധരിക്കാനും സാധ്യമായ ഇടങ്ങളിലെല്ലാം സാമൂഹിക അകലം പാലിക്കാനും സംഘാടകർ നിരന്തരം നിർദേശം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.