കർഷക സമരത്തെ അടിച്ചമർത്താൻ എൻ.ഐ.എയും; പ്രക്ഷോഭത്തെ പിന്തുണച്ചവർക്ക് നോട്ടീസ്
text_fieldsന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകെര നിശബ്ദമാക്കാൻ കേന്ദ്രസർക്കാർ നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി(എൻ.ഐ.എ)യെ ആയുധമാക്കുന്നുവെന്ന് കർഷകർ. പ്രക്ഷോഭത്തെ പിന്തുണച്ചവർക്ക് എൻ.ഐ.എ നോട്ടീസ് അയച്ചിരിക്കുകയാണെന്ന് കർഷകർ പറഞ്ഞു.
കേന്ദ്രസർക്കാറും കർഷകരും തമ്മിൽ ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടത്തിയ ഒമ്പതാംഘട്ട ചർച്ചയിൽ കർഷകർ ഇക്കാര്യം ഉയർത്തിക്കാട്ടിയിട്ടുണ്ട്.
സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബത്തിനും കർഷക സംഘടനകൾക്കും ഫണ്ട് കൈമാറിയവർക്ക് എൻ.ഐ.എ നോട്ടീസ് അയച്ചിരിക്കുകയാണെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് നേതാവ് അഭിമന്യൂ കോഹർ 'ദ ക്വിന്‍റ്' ഓൺൈലനിനോട് പറഞ്ഞു.
ചർച്ചയിൽ ഈ വിഷയം ഉയർത്തികൊണ്ടുവന്നതായും വിയോജിപ്പുകൾ പരിഹരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നതായി കേന്ദ്രം പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ് ഫോർ ജസ്റ്റിസുമായി ബന്ധമുള്ള പഞ്ചാബ് സ്വദേശികൾക്കെതിരെയാണ് എൻ.ഐ.എ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇതിൽ വിനോദ യാത്ര ബസ് ഓപ്പേററ്റർ, ചെറുകിട വ്യവസായികൾ, കേബ്ൾ ടി.വി ഒാപ്പറേറ്റർമാർ തുടങ്ങിയവർ ഉൾപ്പെടും. കൂടാതെ മാധ്യമപ്രവർത്തകർക്കും എൻ.ജി.ഒകളിൽ പ്രവർത്തിക്കുന്നവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
യു.എസിൽനിന്നുള്ള ഗുർപത്വന്ത് സിങ് പന്നു, യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരംജീത് സിങ് പമ്മ, കാനഡയിലെ ഹർദീപ് സിങ് നിജ്ജാർ എന്നിവർക്കെതിരെയാണ് ഡിസംബർ 15ന് ഡൽഹിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സിഖ് ഫോർ ജസ്റ്റിസിന്‍റെ തലവനാണ് പന്നു.
സിഖ് ഫോർ ജസ്റ്റിസ്, മറ്റ് ഖലിസ്ഥാനി തീവ്രവാദി സംഘടനകൾ ഉൾപ്പെടെ കർഷക പ്രക്ഷോഭത്തിലേക്ക് നുഴഞ്ഞുകയറിയതായി കേന്ദ്രസർക്കാറിന് വിവരം ലഭിച്ചു. ഇത്തരം സംഘടനകൾ ഭയാന്തരീക്ഷം സൃഷ്ടിക്കുകയും ജനങ്ങളെ അസംതൃപ്തരാക്കുകയും ഇന്ത്യൻ സർക്കാറിനെതിരെ കലാപത്തിന് പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് എഫ്.ഐ.ആർ. കൂടാതെ വിദേശത്തുനിന്ന് ഫണ്ട് ശേഖരിക്കുന്നുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.
പ്രക്ഷോഭത്തിൽ ഖലിസ്ഥാനികൾ നുഴഞ്ഞുകയറിട്ടുണ്ടെന്ന് അറ്റോർണി ജനറൽ മുഖേന കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഖലിസ്ഥാനികൾക്കെതിരായി പ്രവർത്തിച്ച കർഷകരെ കേന്ദ്രം അപമാനിക്കുകയാണെന്ന് കർഷക സംഘടനകൾ പറഞ്ഞു. കേന്ദ്രം എൻ.ഐ.എയെ ഉപയോഗിച്ച് കർഷകരെ ഉപദ്രവിക്കുകയാണെന്ന് ശിരോമണി അകാലിദൾ കൂട്ടിച്ചേർത്തു. അതേസമയം, കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുക കൈമാറിയ സംഘടനകളെല്ലാം ഖാലിസ്ഥാനികൾക്കെതിരെ നിലപാടുകൾ സ്വീകരിച്ചവരാണെന്നും കർഷക സംഘടനകൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.