കർഷക പ്രക്ഷോഭത്തിന് ഒരു വയസ്; ഡൽഹി കനത്ത സുരക്ഷയിൽ, കർഷകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടക്കും
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിനെയും ബി.ജെ.പിയെയും വിറപ്പിക്കുന്ന കർഷക പ്രക്ഷോഭം ആരംഭിച്ചിട്ട് ഒരു വർഷം. പ്രക്ഷോഭം ഒരു വർഷം തികക്കുന്നതിന്‍റെ ഭാഗമായി നിരവധി കർഷകർ ഡൽഹി അതിർത്തികളിേലക്ക് ഒഴുകിയെത്തി.
കൂടുതൽ കർഷകർ രാജ്യതലസ്ഥാനത്തേക്ക് എത്തിയതോടെ വിവിധ അതിർത്തികളിൽ ഡൽഹി പൊലീസ് സുരക്ഷ ശക്തമാക്കി. ഒരു വർഷം തികക്കുന്നതിന്‍റെ ഭാഗമായി നിരവധി പരിപാടികളാണ് കർഷകർ രാജ്യതലസ്ഥാനത്ത് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഡൽഹിയിലെ സിംഘു, ടിക്രി, ഗാസിപൂർ അതിർത്തികളിലാണ് ഒരു വർഷമായി കർഷകർ തമ്പടിച്ചിരിക്കുന്നത്. കേന്ദ്രസർക്കാറിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നായിരുന്നു കർഷകരുടെ പ്രധാന ആവശ്യം. 2020 നവംബർ 26-27 തീയതികളിൽ ആരംഭിച്ച 'ദില്ലി ചലോ' മാർച്ചിനോട് അനുബന്ധിച്ചായിരുന്നു പ്രക്ഷോഭത്തിൻറെ തുടക്കം. കർഷകർ പ്രക്ഷോഭത്തിൽനിന്ന് പിന്മാറാൻ തയാറാകാതെ വന്നതോടെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
40ഓളം കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. ഇത്രയും നീണ്ട പ്രക്ഷോഭം നടത്തേണ്ടിവരുന്നത് അധ്വാനിക്കുന്ന പൗരന്മാരോടുള്ള കേന്ദ്രസർക്കാറിന്‍റെ നിർവികാരതയുടെയും ധാർഷ്ട്യത്തിന്റെ പ്രതിഫലനമാണെന്ന് സംയുക്ത കിസാൻ മോർച്ച പറഞ്ഞു.
കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ചതാണ് പ്രക്ഷോഭത്തിന്‍റെ ഏറ്റവും വലിയ വിജയമെന്ന് എസ്.കെ.എം പ്രസ്താവനയിൽ അറിയിച്ചു. കർഷകരുടെ മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും സംഘടന അറിയിച്ചു.
കർഷക പ്രക്ഷോഭം ഒരു വർഷം തികക്കുന്നതിന്‍റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികൾ അരങ്ങേറും. കർണാടകയിൽ കർഷകർ പ്രധാന ദേശീയപാതകൾ ഉപരോധിക്കും. തമിഴ്നാട്, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ജില്ല ആസ്ഥാനങ്ങളിൽ കർഷക സംഘടനകൾ സംയുക്ത പ്രതിഷേധം സംഘടിപ്പിക്കും. റായ്പൂരിലും റാഞ്ചിയിലും ട്രാക്ടർ റാലികൾ നടക്കും. പശ്ചിമ ബംഗാളിൽ കൊൽക്കത്തയിലും മറ്റെല്ലാ ജില്ലകളിലും റാലികൾ സംഘടിപ്പിക്കും.
പ്രക്ഷോഭം തുടരുന്ന ഡൽഹിയിൽ പൊലീസ്, സുരക്ഷ ഉദ്യോഗസ്ഥരെ കൂടുതലായി വിന്യസിച്ചു. അർധ സൈനിക സേനയും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.