കർഷകസമരം: ചർച്ച ഇന്ന്; അജണ്ടയിൽ വിട്ടുവീഴ്ചയില്ല
text_fieldsന്യൂഡൽഹി: സർക്കാറുമായി ബുധനാഴ്ച ഉച്ച രണ്ടിന് രണ്ടാംഘട്ട ചർച്ച നടത്താനിരിക്കേ അജണ്ടയുടെ കാര്യത്തിൽ വിട്ടുവിഴ്ചക്കില്ലെന്ന് കർഷകർ.
ഇക്കാര്യം വ്യക്തമാക്കി കർഷക സംഘടനകൾ സംയുക്തമായി സർക്കാറിന് കത്തെഴുതി. മൂന്ന് വിവാദ നിയമങ്ങൾ പിൻവലിക്കുക, താങ്ങുവിലക്ക് നിയമസംരക്ഷണം നൽകുക, വൈക്കോൽ കത്തിക്കുന്നതിൽ ഇളവ് നൽകുക തുടങ്ങിയവയാണ് കർഷകരുടെ ആവശ്യം. അജണ്ട നിശ്ചയിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ, ഊർജ മന്ത്രി പീയൂഷ് ഗോയൽ അടക്കമുള്ളവരുമായി ചർച്ച നടത്തി.
അഞ്ചു വട്ടം ചർച്ചകൾക്ക് ശേഷവും നിയമം പിൻവലിക്കില്ലെന്ന് സർക്കാർ നിലപാടെടുത്തതോടെ വഴിമുട്ടിയതാണ് ചർച്ച. അതിന് ശേഷം തങ്ങൾ ചർച്ചക്ക് തയാറായിട്ടും കർഷകർ വരുന്നില്ലെന്ന് സർക്കാർ വ്യാപക പ്രചാരണം നടത്തിയതോടെയാണ് ഉപാധികളോടെ കർഷകർ ചർച്ച പുനരാരംഭിക്കാൻ തീരുമാനിച്ചത്. വിവാദ നിയമങ്ങളിൽനിന്ന് പിന്മാറില്ലെന്ന് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ആവർത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിൽ ചർച്ചയിൽ പങ്കെടുക്കുകയില്ലെന്ന് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി വ്യക്തമാക്കി.
ബുധനാഴ്ചത്തെ യോഗത്തിനുള്ള സർക്കാർ അജണ്ടക്ക് ചർച്ചയിൽ അന്തിമ രൂപം നൽകിയതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കർഷകർക്ക് വേണ്ടി ജനുവരിയിൽ സമരം നടത്തുമെന്ന് അണ്ണാ ഹസാരെ കേന്ദ്ര കൃഷി മന്ത്രിക്കെഴുതിയ കത്തിൽ വ്യക്തമാക്കി. പട്നയിൽ വിവിധ കർഷക സംഘടനകളുെട നേതൃത്വത്തിൽ കർഷകർ നടത്തിയ രാജ്ഭവൻ മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.