കർഷക പ്രക്ഷോഭം 12ാം ദിനത്തിൽ; കെജ്രിവാൾ സിംഘു അതിർത്തി സന്ദർശിക്കും
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിൻെറ കാർഷിക നിയമത്തിനെതിരെ തലസ്ഥാന നഗരിയിലെ അതികഠിനമായ തണുപ്പിനെ പോലും വകവെക്കാതെ കർഷകർ നയിക്കുന്ന പ്രക്ഷോഭം 12ാം ദിനത്തിലേക്ക് കടന്നു. ഹരിയാന-ഡൽഹി അതിർത്തിയായ സിംഘുവിലാണ് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ ക്യാമ്പ് ചെയ്തിരിക്കുന്നത്.
പ്രതിഷേധ സമരത്തിൽ അണി നിരക്കുന്ന കർഷകർക്കായി ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിസഭാംഗങ്ങളും രാവിലെ പത്തു മണിയോടെ സിംഘു അതിർത്തി സന്ദർശിക്കും.
രാജ്യ തലസ്ഥാനത്തിൻെറ വിവിധ അതിർത്തികളിലായി നൂറു കണക്കിന് കർഷകരാണ് നവംബർ 26 മുതൽ പ്രതിഷേധ സമരം നടത്തുന്നത്. പ്രക്ഷോഭത്തെ തുടർന്ന് ഉത്തർപ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നും ഡൽഹിയിലേക്ക് കടക്കുന്ന അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്.
ഡൽഹിയുടെ എല്ലാ അതിർത്തികളും സ്തംഭിപ്പിച്ചുള്ള സമരത്തിനാണ് കർഷകർ ഒരുങ്ങുന്നത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ സിംഘു അതിർത്തിയിലും യു.പിയിലേയും ഝാർഖണ്ഡിലെയും കർഷകർ നോയിഡ അതിർത്തിയിലുമാണ് അണിനിരന്നിട്ടുള്ളത്.
ഡൽഹിയിൽ ഗതാഗതം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയ ട്രാഫിക് പൊലീസ് ഡൽഹിയിൽ പ്രവേശിക്കാനും തിരിച്ചുപോകാനും ബദൽവഴികൾ ആശ്രയിക്കാൻ ഉത്തർപ്രദേശിൽനിന്നും ഹരിയാനയിൽനിന്നുമുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്ത ചർച്ച ബുധനാഴ്ചയാണ് നടക്കുക. ഇതിൽ പങ്കെടുക്കുന്ന കാര്യത്തിൽ കർഷകർ ഇന്ന് തീരുമാനം കൈക്കൊള്ളും. അതിനിടെ, സമരത്തിൽ പങ്കെടുക്കുന്ന കുട്ടികളെയും മുതിർന്ന പൗരന്മാരെയും സ്വന്തം വീടുകളിലേക്ക് തിരിച്ചയക്കണമെന്ന കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്‍റെ ആവശ്യം കർഷകർ തള്ളിയിരുന്നു. പ്രക്ഷോഭം വിജയം കാണാതെ ആരും മടങ്ങില്ലെന്നാണ് കർഷകരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.