എല്ലാം പൗരത്വ സമരം പോലെ; ഭാവി ഇനി കർഷകരുടെ കൈയിൽ
text_fieldsന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അനിഷ്ട സംഭവങ്ങൾ പൗരത്വ സമരത്തെ അടിച്ചമർത്തിയതുപോലെ കർഷകസമരത്തെ നിഷ്കരുണം നേരിടാനുള്ള ന്യായീകരണമാക്കുമോ എന്നാണിപ്പോൾ രാജ്യം ഉറ്റുനോക്കുന്നത്. പൗരത്വ സമരത്തെ ഒാർമിപ്പിക്കുകയാണ് കർഷക സമരവും.
ഇരു സമരങ്ങളെയും നേരിടുന്ന തന്ത്രങ്ങളെല്ലാം ഒരേ ശ്രേണിയിൽ തന്നെ. ഇതുവരെയുണ്ടായ സംഭവ വികാസങ്ങളുടെ നാൾവഴികളും പരസ്പര പൂരകവും സമാന്തരവുമാണെന്നു കാണാം.
പൗരത്വ സമരം ഒരു സമുദായത്തെ മാത്രം ബാധിക്കുന്നതും കർഷക സമരം രാജ്യത്തെ പൊതുവിൽ ബാധിക്കുന്നതും ആണെന്നും അതിനാൽ അത്രയെളുപ്പം അടിച്ചമർത്താൻ കഴിയില്ലെന്നുമായിരുന്നു കർഷക യൂനിയൻ നേതാക്കൾ പറഞ്ഞിരുന്നത്. രണ്ടുലക്ഷത്തോളം പേരെ കർഷക സമരത്തിനിറക്കിയ ജോഗീന്ദർ സിങ് ഉഗ്രഹാൻ ഇതേ വികാരം പങ്കുവെച്ചിരുന്നു. എന്നാൽ ശാഹീൻ ബാഗിലും അലീഗഢിലും ജാമിഅയിലും പോലെ സിംഘുവിലും നുഴഞ്ഞുകയറിയ അക്രമികൾ പിടിയിലായി. പിന്നീട് സമരത്തിൽ നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധർ അക്രമങ്ങളുണ്ടാക്കി. അതിെൻറ പേരിൽ പൊലീസ് നടപടിയിലൂടെ പൗരത്വ സമര സിരാേകന്ദ്രമായ അലീഗഢ് മുസ്ലിം സർവകലാശാലയിലും ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിലും ആദ്യം സമരം അടിച്ചമർത്തുകയാണ് ചെയ്തത്. തുടർന്നും ശാഹീൻ ബാഗിൽ സ്ത്രീകൾ പൗരത്വ സമരം തുടരുകയും ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾ തന്നെ ശാഹീൻ ബാഗുകളുയർത്തുകയും ചെയ്തപ്പോൾ അതിനെ നേരിട്ടത് ഡൽഹിയെ ഞെട്ടിച്ച വംശീയാക്രമണത്തിലൂടെയും അതിെൻറ പേരിലുണ്ടായ പൊലീസ് നടപടികളിലൂടെയുമായിരുന്നു.
പൗരത്വ സമരത്തിന് മുന്നിട്ടിറങ്ങിയ നേതാക്കളെയെല്ലാം ഡൽഹി കലാപകേസിൽ പ്രതികളാക്കി അറസ്റ്റ് ചെയ്ത് ദേശസുരക്ഷാ നിയമവും യു.എ.പി.എയും ചുമത്തുകയും ചെയ്തു. റിപ്പബ്ലിക് ദിനത്തിലെ കിസാൻ പരേഡിലെ അക്രമങ്ങളും തുടർന്നുള്ള നടപടികളും അതിനെ ഒാർമിപ്പിക്കുന്നു.
തുടക്കത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധമുയർന്നപ്പോൾ നിയമത്തെ ന്യായീകരിച്ച് ബദൽ പരിപാടികൾ നടത്തുകയായിരുന്നു കേന്ദ്ര സർക്കാറും ബി.ജെ.പിയും ചെയ്തിരുന്നത്. എന്നിട്ടും സമരം തുടർന്നപ്പോഴാണ് അടിച്ചമർത്തൽ നടപടികളിലേക്ക് കടന്നത്. കർഷക നിയമം കർഷകദ്രോഹമല്ലെന്നും അവർക്ക് അനുകൂലമാണെന്നും ശക്തമായ പ്രചാരണം നടത്തി. ഇതിനെയും മറികടക്കാൻ കർഷകർക്കാകുമോ എന്നാണ് രാജ്യം ഉയർത്തുന്ന ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.