കരുത്തു കൂട്ടി കർഷകർ; ഇന്നു മുതൽ പട്ടിണിസമരം
text_fieldsന്യൂഡൽഹി: സമരം ശക്തമാക്കാൻ കർഷകർ റിലേ നിരാഹാരം പ്രഖ്യാപിച്ചു. ഇന്നു മുതൽ 11 പേർ 24 മണിക്കൂർ നിരാഹാരമിരിക്കും. ഒാരോ 24 മണിക്കൂറും നേതാക്കൾ മാറി സമരം തുടരും. ഡിസംബർ 23ന് റിലേ നിരാഹാരത്തോട് െഎക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന് അന്നം തരുന്ന തങ്ങൾക്കു വേണ്ടി ഒരു നേരത്തെ അന്നമൊഴിവാക്കണമെന്ന് കർഷകർ ജനങ്ങളോട് അഭ്യർഥിച്ചു.
ശഹീദ് ദിവസ്
കർഷക സമരം ശക്തമായ സിംഘു, ടിക്രി, ഗാസിപുർ, ചില്ല അതിർത്തികൾക്ക് പുറമെ നിരങ്കരി സമാഗം ഗ്രൗണ്ടിലും കർഷക സമരത്തിനിടയിൽ മരിച്ച രക്തസാക്ഷികളെ അനുസ്മരിച്ച് ശഹീദ് ദിവസ് ആചരിച്ചു.
സമരത്തിൽ മരിച്ച കർഷകരുടെ ചിത്രങ്ങൾ സ്ഥാപിച്ച് കർഷക നേതാക്കൾ പുഷ്പാഞ്ജലി അർപ്പിച്ചു. സമാഗം ഗ്രൗണ്ടിൽ സമരം നടത്തുന്ന കർഷകർ അനുസ്മരണ പദയാത്ര നടത്തി. സിംഘുവിൽ മെഴുകുതിരി മാർച്ചും നടന്നു.
മൻകീ ബാത്തിന് പാത്രം കൊട്ടണം
ഡിസംബർ 27ന് പ്രധാനമന്ത്രിയുടെ അടുത്ത 'മൻ കീ ബാത്തി'നിടെ എല്ലാവരും പാത്രം കൊട്ടി ശബ്ദുമുണ്ടാക്കണമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് ജഗ്ജീത് സിങ് ധല്ലേവാല ആവശ്യപ്പെട്ടു.
ഹരിയാനയിലെ എല്ലാ ടോൾ പ്ലാസകളും ഡിസംബർ 25 മുതൽ 27 വരെ പിടിച്ചടക്കി വാഹനങ്ങളെ സൗജന്യമായി വിടും -ധല്ലേവാല വ്യക്തമാക്കി.
കൂടുതൽ കർഷകർ ഡൽഹിയിലേക്ക്
മഹാരാഷ്ട്രയിലെ 21 ജില്ലകളിൽനിന്നും ഉത്തർപ്രദേശിലെ മീറത്തിൽനിന്നുമുള്ള കർഷകർ സമരത്തിൽ പെങ്കടുക്കാൻ ഡൽഹിക്ക് പുറപ്പെട്ടു.
ഗാസിപുർ അതിർത്തിയിലെ സമരത്തിൽ ചേരാൻ മീറത്തിലെ കർഷകർ ട്രാക്ടർ മാർച്ചായാണ് പുറപ്പെട്ടത്. അതേസമയം, കർഷകരുടെ പ്രതിനിധിസംഘമെന്ന് പറയുന്നവരുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ഞായറാഴ്ചയും ഡൽഹി കൃഷിഭവനിൽ കൂടിക്കാഴ്ച നടത്തി. ചില്ല അതിർത്തിയിൽ ഞായറാഴ്ച കുറെക്കൂടി കർഷകർ യു.പിയിൽനിന്ന് എത്തി.
നേരിടാൻ റെയ്ഡും നോട്ടീസും
സമരം പരാജയപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാർ നടപടി തുടങ്ങി. സമരത്തെ പിന്തുണക്കുന്ന പഞ്ചാബിലെ കർഷക ഏജൻറുമാരായ 'അർഥിയാസി'നെതിരെ ആദായ നികുതി വകുപ്പ് വ്യാപക റെയ്ഡ് തുടങ്ങി.
വിദേശത്തുള്ള പഞ്ചാബികളിൽനിന്ന് കർഷക യൂനിയനുകളുടെ അക്കൗണ്ടുകളിലേക്ക് പണം സ്വീകരിക്കരുതെന്ന് 'വിദേശനാണ്യ വിനിമയ വകുപ്പ്' പഞ്ചാബിലെ ബാങ്കുകൾക്ക് നോട്ടീസ് അയച്ചു.
സമരത്തെ പിന്തുണച്ച പഞ്ചാബിലെ നിരവധി കർഷക ഏജൻറുമാർക്ക് ആദായ നികുതി വകുപ്പ് നോട്ടീസും നൽകുന്നുണ്ട്. ചുരുങ്ങിയ സമയം മാത്രം നൽകിയാണ് നോട്ടീസ്. ഭാരതീയ കിസാൻ യൂനിയന് (ഉഗ്രഹാൻ) വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം അനുവദിക്കരുതെന്ന് ഫോറക്സ് വകുപ്പിൽനിന്ന് നോട്ടീസ് വന്നതായി പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് അറിയിച്ചുവെന്ന് യൂനിയൻ ജനറൽ സെക്രട്ടറി സുഖ്ദേവ് സിങ് കൊക്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.