പഞ്ചാബികളെ നെഞ്ചേറ്റി 'ഹരിയാൻവി'കളുടെ ഒഴുക്ക്
text_fieldsകർഷക സമരത്തെ പഞ്ചാബിലെ സിഖ് സമൂഹത്തിെൻറ തീവ്രവാദ പ്രവർത്തനമാക്കി ചിത്രീകരിച്ച്, പൗരത്വസമരം പോലെ നേരിടാനുള്ള സർക്കാർ ദുഷ്ടലാക്കിനുള്ള മറുപടിയായി സമരഭൂമികയിലേക്ക് 'ഹരിയാൻവി'കളുടെ ഒഴുക്ക്. ഡൽഹി–രോഹ്തക് ദേശീയപാതയിലെ ടിക്രി അതിർത്തിയിലേക്കുള്ള 'ഹരിയാൻവി'കളായ ജാട്ട് കർഷകരുടെ പ്രവാഹം, സമരത്തെ താറടിച്ചുകാണിക്കാനുള്ള കേന്ദ്ര- ഹരിയാന ബി.ജെ.പി സർക്കാറുകളുടെ നീക്കങ്ങൾക്കുള്ള മറുപടിയായിരിക്കുകയാണ്. ഹരിയാന പൊലീസിെൻറ നിഷ്ഠുരമായ അതിക്രമങ്ങൾ അതിജീവിച്ച് ബാരിക്കേഡുകൾ എടുത്തുകളഞ്ഞും മുള്ളുവേലികൾ വകഞ്ഞുമാറ്റിയും കർഷകരെ ഡൽഹി അതിർത്തിയിലെത്തിക്കാൻ സൗകര്യങ്ങൾ ചെയ്തുകൊടുത്തശേഷം സമരത്തിലിരിക്കുകയാണ് ഹരിയാൻവികൾ ഇപ്പോൾ. ടിക്രി മുതൽ ബഹാദൂർഗഢ് വരെയുള്ള റോഡിെൻറ ഇടതുഭാഗം പഞ്ചാബിൽ നിന്നുള്ളവരെ കൊണ്ട് നിറഞ്ഞേപ്പാൾ വലതുഭാഗത്ത് അത്രയും ദൂരം കൈയടക്കിയിരിക്കുകയാണ് ഹരിയാന ഗ്രാമങ്ങളിൽ നിന്ന് ട്രാക്ടറുകളിൽ എത്തിയ കർഷകർ.
'ലങ്കറു'കൾ പോലെ 'ഹുക്ക കോർണറു'കൾ
പഞ്ചാബിൽ നിന്നുള്ള സിഖുകാർക്കൊപ്പം ടിക്രിയിൽ ഹരിയാനയിലെ ജാട്ടുകളും ഭക്ഷണം വെച്ചുവിളമ്പുന്നുണ്ട്. എന്നാൽ സിംഘു അതിർത്തി സിഖുകാരുടെ ലങ്കറുകൾ കൊണ്ട് നിറഞ്ഞതിന് സമാനമാണ് ടിക്രിയിൽ ഹരിയാന കർഷകർക്ക് തണുപ്പു മാറ്റാൻ മുഴത്തിന് മുഴമുള്ള 'ഹുക്ക കോർണറുകൾ'.
ഹരിയാനയിലെ ഒാരോ ഗ്രാമത്തിൽ നിന്നുള്ള ഖാപ് പഞ്ചായത്തുകളും പ്രത്യേകം പന്തലുകളിട്ട് ഹുക്ക വലിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മുന്നിലെത്തുന്ന അപരിചിതനായ ഏതൊരാളെയും ആദ്യം ഹുക്ക വെച്ചു നീട്ടിയാണവർ സൽക്കരിക്കുന്നത്. കാർഷിക ബില്ലുകൾക്കെതിരായ ജീവന്മരണ പോരാട്ടത്തിൽ കൊറോണപ്പേടിയില്ലാതായതോടെ മുഖപടവും സമൂഹ അകലവുമില്ലാത്ത സമരഭൂമിയിൽ ഒരേ ഹുക്കയിൽനിന്ന് മാറി മാറി പുക നുകർന്നുകൊണ്ടിരിക്കുകയാണ് സമരക്കാർ.
ഹരിയാന സമരക്കാർക്ക് പഞ്ചാബ് 'ബഡാ ഭായി'
പഞ്ചാബികളെയും ഹരിയാനക്കാരെയും തമ്മിലടിപ്പിക്കാൻ മോദി സർക്കാറും ഖട്ടർ സർക്കാറും സമരത്തിെൻറ ഒാരോ ഘട്ടത്തിലും നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടുവെന്ന് സംയുക്ത സമര സമിതി നേതാവ് ടിക്രിയിലെ സമരവേദിയിൽ ഭാരതീയ കിസാൻ യൂനിയനെ നയിക്കുന്ന ജോേഗന്ദ്ര ഘാസി രാം നൈൻ 'മാധ്യമ'ത്തോടു പറഞ്ഞു. പഞ്ചാബി കർഷകർ ഹരിയാനയിലെത്തിയപ്പോൾ ഖലിസ്ഥാൻ ആരോപണമുയർത്തി ഒറ്റപ്പെടുത്താൻ നോക്കി. അതിലവർ പരാജയപ്പെട്ടപ്പോൾ ചർച്ചയിൽ പഞ്ചാബിൽ നിന്നുള്ള യൂനിയനുകളെ മാത്രം വിളിച്ച് ഒരു പഞ്ചാബി സമരമാക്കാനുള്ള നീക്കമായി. അതും ഞങ്ങൾ ചെറുത്തു.
ഹരിയാനയിലെ സംയുക്ത കർഷക സമര സമിതിയിലെ 17 സംഘടനകളെയും ഒടുവിലവർക്ക് ക്ഷണിക്കേണ്ടിവന്നുവെന്നും നൈൻ പറഞ്ഞു. ഹരിയാനയിലെ കർഷകർക്ക് പഞ്ചാബ് 'ബഡാ ഭായി' ആണെന്ന് കേന്ദ്ര സർക്കാർ മനസ്സിലാക്കാൻ വൈകിയെന്നാണ് ഭാരതീയ കിസാൻ സംഘർഷ് സമിതി നേതാവ് വികാസ് സിസർ പറഞ്ഞത്.
അതിർത്തി ഭേദിക്കുകയല്ല ഡൽഹി വളയുകയാണ്
മോദി സർക്കാറിെൻറ മൂന്ന് കർഷക വിരുദ്ധ ബില്ലുകൾക്കെതിരെ പഞ്ചാബിൽ സമരം തുടങ്ങിയതിനു പിറകെ ഹരിയാനയിൽ കഴിഞ്ഞ മാസം പത്ത് മുതലാണ് സംയുക്ത സമര സമിതി സമരം തുടങ്ങിയതെന്ന് വികാസ് സിസർ പറഞ്ഞു. അതിർത്തിയിൽ ഒമ്പത് ദിവസമായി ഇരിക്കുന്ന സമരക്കാർ ബാരിക്കേഡുകൾ ഭേദിച്ച് ഡൽഹിയിലേക്ക് നീങ്ങുമോ എന്ന് ചോദിച്ചപ്പോൾ അതല്ല ഞങ്ങളുടെ സമരതന്ത്രമെന്നായിരുന്നു വികാസിെൻറ മറുപടി. ഇതുപോലെ കർഷകരെത്തി ഡൽഹിയിലേക്കുള്ള എല്ലാ വഴികളുമടക്കാനാണ് തീരുമാനം. ഡൽഹിയിലേക്കുള്ള എല്ലാ വഴികളുമടയുേമ്പാൾ കർഷകർക്കുള്ള വഴി അവർ താനേ തുറന്നുതരുമെന്ന് വികാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.