മധ്യപ്രദേശിൽ കർഷകർ വീണ്ടും സമരത്തിന്
text_fieldsഭോപാൽ: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ മധ്യപ്രദേശ് ബി.ജെ.പി സർക്കാറിനെ കൂടുതൽ പ്രതിസന്ധിയിലാക്കി കർഷകർ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു. പശ്ചിമ മധ്യപ്രദേശിലെ മന്ദ്സൗറിൽ അഞ്ചുപേർ മരിച്ചതിനെ തുടർന്ന് ദേശീയ ശ്രദ്ധയാകർഷിച്ച സമരത്തിെൻറ ഒന്നാം വാർഷികത്തിലാണ് കർഷകർ വീണ്ടും തെരുവിലിറങ്ങുന്നത്. ജൂൺ ഒന്നുമുതൽ 10 വരെ നീളുന്ന അഖിലേന്ത്യാ ഗ്രാമബന്ദിനാണ് കർഷകർ ആഹ്വാനം ചെയ്തിരിക്കുന്നത്.
മന്ദ്സൗർ ജില്ലയാണ് ഇത്തവണയും പ്രക്ഷോഭത്തിെൻറ പ്രഭവസ്ഥാനം. ബാങ്ക് വായ്പ എഴുതിത്തള്ളുക, കാർഷികോൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘടനകളുടെ സംയുക്തവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് ആണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. മന്ദ്സൗറിൽ കർഷകർ വെടിയേറ്റ് മരിച്ച ജൂൺ ആറ് വഞ്ചനാദിമായി ആചരിക്കുമെന്നും മഹാസംഘ് കൺവീനർ ശിവകുമാർ ശർമ (കാക്കാജി) പറഞ്ഞു.
മഹാസംഘിന് രാജ്യത്താകമാനമുള്ള 170 കർഷക സംഘടനകളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട കാക്കാജി, തങ്ങളുടെ കഴിഞ്ഞ വർഷത്തെ സമരം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അട്ടിമറിക്കുകയായിരുന്നെന്ന് ആരോപിച്ചു. ജൂൺ ഒന്നു മുതൽ 10 വരെ ‘അവധിയെടുക്കുന്ന’ കർഷകർ നഗരങ്ങളിലേക്കുള്ള പാൽ, പച്ചക്കറി നീക്കം തടയും. കടക്കെണിയിൽനിന്നുള്ള മോചനം, ബി.ജെ.പി വാഗ്ദാനംചെയ്തപോലെ ഒന്നര ഇരട്ടി ലാഭം, സ്ഥിരവരുമാനം എന്നിവയാണ് ആവശ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സർക്കാർ പദ്ധതികളിലൂടെ ആനുകൂല്യം പറ്റുന്ന കർഷകരെ സ്വാധീനിക്കാൻ സമരക്കാർക്ക് ആവില്ലെന്ന് ബി.ജെ.പിയുടെ കർഷക സംഘടനയായ കിസാൻ മോർച്ച നേതാവ് രൺവീർസിങ് റാവത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.