കർഷക സമരം: ആവശ്യങ്ങളിലും നേതൃത്വത്തിലും വലിയ മാറ്റങ്ങൾ
text_fieldsന്യൂഡൽഹി: രണ്ടുവർഷം മുമ്പ് ഡൽഹിയിൽ നടന്ന കർഷക പ്രക്ഷോഭത്തിന്റെ തുടർച്ചയായിട്ടാണ് പുതിയ സമരവും വിലയിരുത്തപ്പെടുന്നതെങ്കിലും സമരക്കാരുടെ ആവശ്യങ്ങളിലും സമരനേതൃത്വത്തിലും വലിയ മാറ്റങ്ങളുണ്ട്. നേരത്തെ, മോദി സർക്കാറിന്റെ മൂന്ന് വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരമെങ്കിൽ, ഇപ്പോൾ അത് പ്രധാനമായും കാർഷികോൽപന്നങ്ങൾക്ക് താങ്ങുവില ഉറപ്പുവരുത്തണമെന്ന കാലങ്ങളായുള്ള ആവശ്യം മുൻനിർത്തിയാണ്. ഇതിനുപുറമെ, മറ്റു പത്തിന ഡിമാൻഡുകൾകൂടി കർഷക സംഘടനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്.
കർഷക കടങ്ങൾ എഴുതിത്തള്ളുക, 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനരാവിഷ്കരിക്കുക, സ്വതന്ത്ര വ്യാപാര കരാർ റദ്ദാക്കുക; ലോകാരോഗ്യ സംഘടനയിൽനിന്ന് പിൻവാങ്ങുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ ഉറപ്പാക്കുക, മുൻവർഷങ്ങളിലുണ്ടായ ഡൽഹി കർഷക സമരത്തിൽ ജീവൻ പൊലിഞ്ഞ കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, തൊഴിലുറപ്പ് ദിനങ്ങൾ 200 ആക്കുക; മിനിമം കൂലി 700 ആക്കി ഉയർത്തുക തുടങ്ങിയവയാണ് അതിൽ പ്രധാനപ്പെട്ടത്.
സമര നേതൃത്വത്തിലും കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. സർവൻ സിങ് പാന്തർ, ജഗ്ജിത്ത് സിങ് ദല്ലെവാൽ എന്നീ കർഷക നേതാക്കളാണിപ്പോൾ ‘ഡൽഹി ചലോ’യുടെ നേതാക്കൾ. ഫെബ്രുവരി എട്ടിനും 12നും ഛണ്ഡിഗഡിൽ കേന്ദ്രമന്ത്രിമാരുമായി ചർച്ചക്ക് നേതൃത്വം നൽകിയതും ഇവർതന്നെ. കിസാൻ മസ്ദൂർ മോർച്ചയുടെ (കെ.എം.എം) കോഓഡിനേറ്ററാണ് പാന്തർ; സംയുക്ത കിസാൻ മോർച്ച (നോൺ പൊളിറ്റിക്കൽ) -എസ്.കെ.എം-കൺവീനറാണ് ജഗ്ജിത്ത്.
രാജ്യത്തെ വിവിധ കർഷക സംഘടനകളുടെ കൂട്ടായ്മയാണ് കെ.എം.എമ്മും എസ്.കെ.എമ്മുമെങ്കിലും ‘ഡൽഹി ചലോ’യിൽ കാര്യമായും പങ്കെടുക്കുന്നത് പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നുമുള്ള കർഷകരാണ്. കഴിഞ്ഞ നവംബറിൽ പാന്തർ ഉത്തരേന്ത്യയിലെ 18 കർഷക സംഘടനകളുമായി ചേർന്ന് ദേശീയ സമരത്തിന് പദ്ധതിയിട്ടിരുന്നു. ജനുവരി ആയപ്പോഴേക്കും ആ സംഘത്തിൽ 100ലധികം സംഘടനകൾ അണിനിരന്നു. സമാന്തരമായി ജഗ്ജിത്തും നൂറിലധികം സംഘടനകളെ വിളിച്ചുചേർത്തു. ജനുവരി രണ്ടിനാണ് ഈ രണ്ട് സംഘടനകളും ‘ഡൽഹി ചലോ’ക്ക് ആഹ്വാനം ചെയ്തത്.
രാകേഷ് ടികായത്ത് എവിടെ?
2020-21ലെ ഡൽഹി കർഷക പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയായ ഭാരതീയ കിസാൻ യൂനിയൻ (ബി.കെ.യു) നേതാവ് രാകേഷ് ടികായത്ത് ഈ സമരനേതൃത്വത്തിൽ ഇല്ല. എസ്.കെ.എമ്മും ബി.കെ.യുമായിരുന്നു മുൻ സമരത്തിന്റെ ചാലകശക്തി. പിന്നീട്, എസ്.കെ.എമ്മിലെ ഒരു വിഭാഗം പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയതോടെയാണ് സംയുക്ത കിസാൻ മോർച്ച (നോൺ പൊളിറ്റിക്കൽ) എന്നപേരിൽ ജഗ്ജിത്ത് സിങ് മറ്റൊരു സംഘടനക്ക് രൂപം നൽകിയത്. സമാനമായ ‘വിഭജനം’ യു.പിയിൽ ടികായത്തിന്റെ സംഘടനക്കുമുണ്ടായി. എന്നാൽ, നോയിഡയിൽ നടന്നുകൊണ്ടിരിക്കുന്ന സമരത്തിന്റെ മുൻനിരയിൽ ടികായത്തുണ്ട്. അടുത്തദിവസങ്ങളിൽ അദ്ദേഹം ‘ഡൽഹി ചലോ’യുടെ ഭാഗമാകുമെന്നും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.