കർഷകരുടെ സമരത്തിന് പ്രതിപക്ഷ പിന്തുണ; രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കും
text_fieldsന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി രാഷ്ട്രപതിയുടെ നയപ്രഖ്യാപനം പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിക്കും. കോൺഗ്രസ് അടക്കം 19 രാഷ്ട്രീയ പാർട്ടികളാണ് നയപ്രഖ്യാപനം ബഹിഷ്കരിക്കുക. പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഇന്നാണ് ആരംഭിക്കുന്നത്.
കോൺഗ്രസ് കൂടാതെ എൻ.സി.പി, ശിവസേന, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, നാഷണൽ കോൺഫറൻസ്, സമാജ് വാദി പാർട്ടി, ആർ.ജെ.ഡി, സി.പി.എം, മുസ് ലിം ലീഗ്, പി.ഡി.പി, എം.ഡി.എം.കെ, കേരള കോൺഗ്രസ് എം, എ.ഐ.യു.ഡി.എഫ്, ആം ആദ്മി പാർട്ടി, ശിരോമണി അകാലിദൾ, ബി.എസ്.പി അടക്കമുള്ള പാർട്ടികളാണ് ബഹിഷ്കരിക്കുക.
കർഷകരുടെ ആവശ്യം അംഗീകരിക്കാതെ സർക്കാറുമായി സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
അതിനിടെ, രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കരുതെന്ന് കേന്ദ്ര സർക്കാർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. കാർഷിക നിയമം സംബന്ധിച്ച് പാർലമെന്‍റിൽ പ്രത്യേക ചർച്ച നടത്താം. കൂടാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലും വിഷയം ഉന്നയിക്കാമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, രാഷ്ട്രപതിയോട് അനാദരവ് കാണിക്കേണ്ടെന്ന നിലപാടിന്‍റെ ഭാഗമായി പാർലമെന്‍റിനുള്ളിൽ പ്രതിഷേധം വേണ്ടെന്ന ധാരണയിലാണ് പ്രതിപക്ഷ പാർട്ടികൾ. റിപ്പബ്ലിക് ദിനത്തിൽ കർഷകർ ട്രാക്ടർ പരേഡിനിടെ ഡൽഹിയിൽ നടന്ന അക്രമസംഭവങ്ങളിൽ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി അസാദ് ആവശ്യപ്പെട്ടു.
അതിനിടെ, ഉത്തർപ്രദേശിൽ ചേർന്ന സമാജ് വാദി പാർട്ടിയുടെയും ആർ.എൽ.ഡിയുടെയും യോഗത്തിൽ കൂടുതൽ കർഷകരെ ഡൽഹി അതിർത്തിയായ ഗാസിപൂരിലെത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.